നൃത്തപരിപാടിയുടെ സംഘാടകനു ജാമ്യം; മുറിയിൽ നടന്നു തുടങ്ങി ഉമ തോമസ്

Mail This Article
കൊച്ചി ∙ തൃക്കാക്കര എംഎൽഎ ഉമ തോമസിനു ഗുരുതര പരുക്കേൽക്കാനിടയായ നൃത്തപരിപാടിയുടെ സംഘാടകനു ജാമ്യം. ഈ പരിപാടിയുടെ സംഘാടകരായിരുന്ന ഓസ്കർ ഇവന്റ്സ് ഉടമ പി.എസ്.ജനീഷിനാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. പരിപാടിയുടെ നടത്തിപ്പുകാരായ മൃദംഗവിഷൻ എംഡി നിഗോഷ് കുമാർ അടക്കമുള്ളവർക്കു നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
മുൻപ് നിഗോഷ് കുമാറും ജനീഷും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ ഹാജരാകാനായിരുന്നു കോടതി നിർദേശം. തുടർന്നു നിഗോഷ് ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജനീഷ് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ആശുപത്രിയിൽനിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന്റെ പിറ്റേന്ന് പൊലീസ് തൃശൂരിലെത്തി ജനീഷിനെ കസ്റ്റഡിയിലെടുത്ത് എറണാകുളത്തേക്ക് കൊണ്ടുവരികയായിരുന്നു.
ആശുപത്രിയിൽ കഴിയുന്ന ഉമ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മരുന്നിനൊപ്പം ഫിസിയോതെറപ്പി, ഒക്യുപേഷണൽ തെറപ്പി, റെസ്പിേററ്ററി തെറപ്പി തുടങ്ങിയ ചികിത്സകളും നടക്കുന്നുണ്ട്. ഡിസംബർ 29ന് ഉണ്ടായ അപകടത്തിനു ശേഷം വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന ഉമ തോമസിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നു മുറിയിലേക്കു മാറ്റിയിരുന്നു. ഉമ തോമസ് ചെറുതായി നടക്കാനും തുടങ്ങി.