‘അൻവറിന്റെ പോരാട്ടം സിപിഎമ്മിലെ വന്യമൃഗങ്ങൾക്കെതിരെയോ കാട്ടിലെ വന്യമൃഗങ്ങൾക്കെതിരെയോ?’

Mail This Article
തിരുവനന്തപുരം ∙ പി.വി.അൻവറിന്റെ രാജിയിലൂടെ നിലമ്പൂരിലെ ജനങ്ങൾക്ക് ഏതാണ്ട് ഒന്നര വർഷം നിയമസഭയിൽ പ്രതിനിധി ഇല്ലാതാകുന്ന സാഹചര്യം ഉണ്ടായെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. ജനക്ഷേമ പദ്ധതികൾക്ക് ഉപയോഗിക്കേണ്ട പണം ഉപതിരഞ്ഞെടുപ്പ് പോലെ പാഴ്‌ച്ചെലവിന് ഉപയോഗിക്കേണ്ടിവരും. ആഭ്യന്തര വകുപ്പിലെ അധോലോക സംഘത്തിനെതിരെയാണ് പോരാട്ടം എന്ന് പ്രഖ്യാപിച്ച അൻവർ വന്യമൃഗങ്ങൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് രാജിയെന്നാണ് ഇപ്പോൾ പറയുന്നതെന്നും മുരളീധരൻ പരിഹസിച്ചു.
‘‘അൻവറിന്റെ പോരാട്ടം സിപിഎമ്മിലെ വന്യമൃഗങ്ങൾക്കെതിരെയോ കാട്ടിലെ വന്യമൃഗങ്ങൾക്കെതിരെയോ ? ഇന്ത്യാ മുന്നണിയുമായി സഹകരിക്കുമെന്ന് പറയുന്ന അൻവർ തൃണമൂൽ കോൺഗ്രസും മമത ബാനർജിയും ഇന്ത്യാ മുന്നണിയുമായി സഹകരിക്കാതായിട്ട് കാലം കുറെയായി എന്നത് അറിഞ്ഞില്ലേ. അഴിമതിക്കാരെ എല്ലാവരെയും ഒരുമിച്ചു നിർത്തി ഒരു മുന്നണിയുടെ ഭാഗമാക്കാൻ അൻവറിന് സാധിക്കട്ടെ’’ – വി.മുരളീധരൻ പറഞ്ഞു.
സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ കോടികളുടെ അഴിമതി നടന്നുവെന്ന എസ്എഫ്ഐഒ കണ്ടെത്തൽ ഗുരുതരമാണ്. മകളുടെ കമ്പനിക്കെതിരായ അഴിമതി ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണം. ഏത് സേവനത്തിനാണ് കരിമണൽ കമ്പനി, വീണ വിജയനു കോടികൾ നൽകിയതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയെ കുറിച്ച് ഗുരുതരമായ വിവരങ്ങൾ പുറത്തുവന്നിട്ടും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു മിണ്ടാട്ടം ഇല്ല. കോടികളുടെ അഴിമതിയിൽ ഭരണ-പ്രതിപക്ഷം നടത്തുന്ന ഒത്തുകളിയാണ് കേരളം കാണുന്നതെന്നും മുരളീധരൻ ആരോപിച്ചു.
മാസപ്പടി വാർത്ത വന്ന ദിവസം നിയമസഭയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഓടിപ്പോയത് കേരളം മറന്നിട്ടില്ല. മാസപ്പടി കേസിനെ ഇത്രയും കൊണ്ടെത്തിച്ചത് ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ പോരാട്ടമാണ്. പിണറായിയേയും മകളേയും രക്ഷിക്കാൻ വിജിലൻസിൽ പരാതി കൊടുത്ത മാത്യു കുഴൽനാടനെപ്പോലെയല്ല ഷോൺ എന്നും മുരളീധരൻ പറഞ്ഞു.