ബംഗ്ലദേശികളുടെ നുഴഞ്ഞുകയറ്റത്തിനെതിരെ വീണ്ടും ‘വോട്ട് ജിഹാദു’മായി ബിജെപി; ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്

Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീണ്ടും ‘വോട്ട് ജിഹാദ്’ പരാമർശവുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. ബംഗ്ലദേശിൽനിന്ന് നുഴഞ്ഞുകയറി നിയമവിരുദ്ധമായി ജനന സർട്ടിഫിക്കറ്റും രേഖകളും സംഘടിപ്പിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള ബംഗ്ലദേശി പൗരന്മാരുടെ ശ്രമം ‘വോട്ട് ജിഹാദ് പാർട്ട് 2’ ആണെന്നാണ് ആരോപണം. ഷിർഡിയിൽ ബിജെപി സംസ്ഥാന കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് ‘വോട്ട് ജിഹാദ്’ പരാമർശം ഫഡ്നാവിസ് ആവർത്തിച്ചിരുന്നു. ഭൂരിപക്ഷ വോട്ടുബാങ്ക് ലക്ഷ്യംവച്ച് ‘ബട്ടേങ്കേ തോ കട്ടേങ്കേ’ (ഭിന്നിച്ചാൽ തകരും), ‘ഏക് ഹേ തോ സേഫ് ഹെ’ (ഒരുമിച്ചു നിന്നാൽ സുരക്ഷിതരാണ്) എന്നീ മുദ്രാവാക്യങ്ങളും ബിജെപി ഉയർത്തിയിരുന്നു.
‘‘ബംഗ്ലദേശി പൗരന്മാർ വ്യാപകമായി നുഴഞ്ഞുകയറുന്നുണ്ട്. നാസിക്കിലെ അമരാവതിയിലും മാലെഗാവിലും നൂറോളം കേസുകൾ റിപ്പോർട്ട് ചെയ്തു. മിക്കയാളുകളും ഏകദേശം 50 വയസ്സുള്ളവരാണ്. നിയമവിരുദ്ധമായി അവർ രേഖകൾ സംഘടിപ്പിക്കുന്നു. ഒരുമിച്ചു നിന്നാൽ നമ്മൾ സുരക്ഷിതരാണെന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യം പ്രാവർത്തികമാക്കണം’’– ഫഡ്നാവിസ് പറഞ്ഞു.