ഇസഡ്-മോര് ടണല്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; കശ്മീരിൽ പൂർത്തിയാക്കിയത് 2700 കോടി രൂപയുടെ പദ്ധതി

Mail This Article
ശ്രീനഗര്‍ ∙ ജമ്മു കശ്മീരിലെ സോനാമാര്‍ഗ് പ്രദേശത്തെ തന്ത്രപ്രധാനമായ ഇസഡ്-മോര് ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗതാഗതത്തിന് തുറന്നുകൊടുത്തു. 2,700 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം തുരങ്കത്തിനുള്ളില്‍ കയറിയ പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായും നിർമാണ തൊഴിലാളികളുമായും സംസാരിച്ചു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള മോദിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
മധ്യ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗാംഗീറിനും സോനാമാര്‍ഗിനും ഇടയിലുള്ള 6.5 കിലോമീറ്റര്‍ നീളമുള്ള രണ്ടു വരി റോഡാണ് ടണലില്‍ ഒരുക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ക്കായുള്ള 7.5 മീറ്റര്‍ വീതിയുള്ള രക്ഷപ്പെടല്‍ പാതയും സമാന്തരമായി സജ്ജീകരിച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 8,650 അടി മുകളിലാണ് ഈ തുരങ്കം. ശ്രീനഗറിനെയും സോനാമാര്‍ഗിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ടണല്‍ ലേയിലേക്കുള്ള യാത്ര സുഗമമാക്കും. ലേയിലേക്കുള്ള യാത്രയില്‍ ശ്രീനഗറിനും സോനാമാര്‍ഗിനും ഇടയില്‍ എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി സാധ്യമാക്കും. മണ്ണിടിച്ചിലിനും ഹിമപാതത്തിനും സാധ്യതയുള്ള വഴികള്‍ ഒഴിവാക്കുമെന്നതാണ് ടണലിന്റെ പ്രത്യേകത.