ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ടൗൺഷിപ്: ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ വീണ്ടും ഹൈക്കോടതിയിൽ

Mail This Article
കൊച്ചി ∙ വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മോഡൽ ടൗണ്‍ഷിപ് നിർമിക്കാൻ തങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ മലയാളം ലിമിറ്റഡ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഹാരിസണിന്റെയും എൽസ്റ്റൺ ടീ എസ്റ്റേറ്റിന്റെയും ഭൂമി ഏറ്റെടുക്കുന്നതിനെതിരെയുള്ള ഹർജികൾ തീർപ്പാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് പുതിയ ഹർജി.
വൈത്തിരിയിൽ ഹാരിസൺ നെടുമ്പാല എസ്റ്റേറ്റിന്റെ 65.41 ഹെക്ടർ ഭൂമിയും കൽപറ്റയിൽ എൽസ്റ്റൺ എസ്റ്റേറ്റിന്റെ 78.73 ഹെക്ടർ ഭൂമിയും ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കാൻ ഒക്ടോബർ 4ന് സർക്കാർ ഉത്തരവിറക്കിയത് സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. എന്നാൽ നഷ്ടപരിഹാരം ദുരന്ത നവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല, 2013ലെ പുതിയ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.
എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കുന്നതല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ സ്ഥലം സ്ഥിരമായി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമായതിനാൽ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു. ദുരന്തനിവാരണ നിയത്തിലെ ഒരു വകുപ്പും സർക്കാരിനോ മറ്റേതെങ്കിലും അധികാരികൾക്കോ സ്വകാര്യഭൂമി സ്ഥിരമായി ഏറ്റെടുക്കാൻ അധികാരം നൽകുന്നില്ല.
മതിയായ നഷ്ടപരിഹാരം നൽകി താൽക്കാലികമായി ഏറ്റെടുക്കാൻ മാത്രമേ സർക്കാരിന് അധികാരമുള്ളൂ. പുനരധിവാസത്തിനായി സ്വകാര്യഭൂമി ഏറ്റെടുക്കാൻ സർക്കാരിന് ദുരന്തനിവാരണ നിയമം അധികാരം നൽകുന്നില്ല. ഈ നിയമത്തിലെ 34ാം വകുപ്പ് പറയുന്നത് ദുരന്തത്തെ നേരിടുന്നതിൽ സർക്കാരിനുള്ള അധികാരത്തെക്കുറിച്ചാണ്. ഇതിലൊരിടത്തും പുനരധിവാസത്തിനായി ഭൂമി സ്ഥിരമായി ഏറ്റെടുക്കുന്നത് പറയുന്നില്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഈ വകുപ്പിന്റെ അടിസ്ഥാനത്തിൽ ഏതു ഭൂമിയും പൊതു ആവശ്യത്തിനായി ഏറ്റെടുക്കാൻ സർക്കാരിന് കഴിയുമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതാണ് പുതിയ ഹർജിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
പുനരധിവാസത്തിനായി ഏറ്റെടുക്കാനുള്ള ഭൂമി കണ്ടെത്തിക്കഴിഞ്ഞ് അതിന്മേൽ അവകാശവാദം ഉന്നയിച്ചുകൊണ്ട് ഹർജി കൊടുക്കുകയാണ് സർക്കാർ ഇവിടെ ചെയ്തിരിക്കുന്നത്. ഇത് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നും ഹർജിയിൽ ആരോപിക്കുന്നു. അതേസമയം, ദുരന്തനിവാരണ നിയമത്തിൽ ഇത്തരത്തിൽ ഭൂമി ഏറ്റെടുക്കാൻ വ്യവസ്ഥയില്ലെങ്കിലും 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ സ്വകാര്യ ഭൂമി പൊതു ആവശ്യത്തിനായി ഏറ്റെടുക്കാൻ സർക്കാരിന് അധികാരം നൽകുന്ന വകുപ്പുകളുണ്ട്. അതുകൊണ്ട് ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് കഴിയൂ എന്നും ഹർജിയിൽ പറയുന്നു.