ബോബിയുടെ കസ്റ്റഡി അപേക്ഷ പൊലീസ് നൽകാതിരുന്നതാണോ? ജയിലിൽ 6 ദിവസം; കൂട്ട് മോഷണ, ലഹരിക്കേസ് പ്രതികൾ

Mail This Article
കൊച്ചി∙ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ വ്യവസായി ബോബി ചെമ്മണൂരിന്റെ കസ്റ്റഡി അപേക്ഷ നൽകാതിരുന്നത് പൊലീസിന്റെ വീഴ്ചയോ തന്ത്രമോ ? ബോബി ചെമ്മണൂരിന് ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ വാദിച്ചെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും പിന്നെ എന്തിനാണ് ജാമ്യം അനുവദിക്കാതിരിക്കുന്നതെന്നും കോടതി ഇന്ന് ചോദിച്ചിരുന്നു. എന്തു കൊണ്ടാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകാതിരുന്നത്.
കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തേണ്ട കാര്യങ്ങളൊന്നും ബോബിയുമായി ബന്ധപ്പെട്ട കേസിൽ ഇല്ലാത്തതു കൊണ്ടാണ് കസ്റ്റഡി അപേക്ഷ നൽകാതിരുന്നതെന്നു പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. കേസിൽ തൊണ്ടിമുതൽ ഒന്നും കണ്ടെടുക്കേണ്ടതില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം പൊതുമധ്യത്തിലുണ്ട്. ഇത് ശേഖരിച്ചാൽ മാത്രം മതി. മാത്രമല്ല, ഗൂഢാലോചന കുറ്റമടക്കം ഒന്നും ചുമത്തിയിട്ടില്ല എന്നും പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ബിഎൻഎസ് 75 (1), (4) വകുപ്പുകളും ഐടി നിയമത്തിലെ 67ാം വകുപ്പുമാണ് ബോബിക്കെതിരെ ചുമത്തിയിരുന്നത്. പരമാവധി 3 വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകളാണ് ഇവ. വ്യക്തമായ കാരണം ഉൾപ്പെടുത്താതെ കൊടുക്കുന്ന കസ്റ്റഡി അപേക്ഷ തള്ളാനും ഇടയുണ്ട്. ഇതാണ് പൊലീസ് നൽകുന്ന വിശദീകരണം.
അതേസമയം പൊലീസ് നടത്തിയത് തന്ത്രമെന്നും സംസാരമുണ്ട്. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ബോബിയെ അറസ്റ്റ് ചെയ്തതാണ് ഒന്ന്. ബോബിയുടെ കസ്റ്റഡി അപേക്ഷ ആവശ്യപ്പെടാതെ വന്നതോടെ ബോബിക്ക് ജയിലിൽ തന്നെ കിടക്കേണ്ടി വന്നു. ബോബിയെ കസ്റ്റഡിയിൽ വാങ്ങിയിരുന്നെങ്കിൽ പാർപ്പിക്കേണ്ടി വരിക പൊലീസ് ക്ലബുകളിലോ ഏതെങ്കിലും ഗസ്റ്റ് ഹൗസുകളിലോ ചിലപ്പോൾ ഹോട്ടലിലോ ആയിരിക്കും. പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്ന പ്രതികളെ സാധാരണ ചോദ്യം ചെയ്യുക ഇത്തരം സ്ഥലങ്ങളിലാണ്. കാക്കനാട് ജില്ലാ ജയിലിൽ ലഹരി, മോഷണക്കേസിലെ പ്രതികൾക്കൊപ്പമാണ് ആറു ദിവസം ബോബി ചെമ്മണൂർ താമസിച്ചത്. കേസിൽ കടുത്ത നിലപാട് പൊലീസ് എടുത്തത് മുകളിൽ നിന്നുള്ള നിർദേശം അനുസരിച്ചാണെന്ന് സൂചനയുണ്ട്. പിന്നാലെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് പൊലീസിനുള്ള നിർദേശം പോലെ ആയിരുന്നു.