‘മിനിസ്റ്ററേ.. ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്..’: ആശുപത്രി കിടക്കയിൽനിന്ന് ഉമ തോമസ്, വിഡിയോ കോളിൽ ആർ.ബിന്ദു

Mail This Article
കൊച്ചി ∙ നൃത്ത പരിപാടിക്കിടെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നു വീണു പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ആശുപത്രിയിൽനിന്ന് ഉമ തോമസ് നടത്തിയ വിഡിയോ കോളിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമ ടീം എംഎൽഎയുടെ ഔദ്യോഗിക പേജിൽ പങ്കുവച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു, തൃക്കാക്കര നഗരസഭ ചെയർപഴ്‌സൻ രാധാമണി പിള്ള, മറ്റു സഹപ്രവര്‍ത്തകര്‍ എന്നിവരുമായാണ് ഉമ തോമസ് വിഡിയോ കോളിൽ സംസാരിച്ചത്.
ഉമ തോമസിനെ കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിൽനിന്നു മുറിയിലേക്കു മാറ്റിയിരുന്നു. തലച്ചോറിലേറ്റ ക്ഷതം ഏറെ ഭേദപ്പെട്ടെന്നും റെസ്പിറേറ്ററി തെറപ്പി, ഫിസിയോ തെറപ്പി, ഒക്യുപേഷനൽ തെറപ്പി എന്നിവയാണു തുടരുന്നതെന്നും ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. ചികിത്സയോടു മികച്ച രീതിയിൽ പ്രതികരിക്കുന്ന ഉമ തോമസ് നന്നായി സംസാരിക്കുന്നുണ്ടെന്നും പറഞ്ഞു. അണുബാധയുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ വേണ്ടതിനാൽ സന്ദർശകരെ ഉടൻ അനുവദിക്കില്ല. അപകടമുണ്ടായ കഴിഞ്ഞ 29 മുതൽ വെന്റിലേറ്ററിലായിരുന്ന എംഎൽഎയെ ശനിയാഴ്ച വെന്റിലേറ്ററിൽ നിന്നു മാറ്റിയിരുന്നു.
സമൂഹമാധ്യമത്തിലെ പോസ്റ്റിൽനിന്ന്:
‘‘മിനിസ്റ്ററേ.. ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്..,
വരുന്ന അസംബ്ലി സെഷനിൽ ചിലപ്പോ ഉണ്ടാവില്ല,
മിനിസ്റ്റർ വന്നതിൽ സന്തോഷം’’...
ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു, തൃക്കാക്കര നഗരസഭ ചെയർപഴ്‌സൻ രാധാമണി പിള്ള, മറ്റു പ്രിയപ്പെട്ട സഹപ്രവർത്തകർ എന്നിവരുമായി ചേച്ചി ഹോസ്പിറ്റൽ മുറിയിൽ നിന്നും നടത്തിയ വിഡിയോ കോൾ...