സൈക്കിൾ ചവിട്ടില്ല, ചെണ്ടയും കൊട്ടില്ല; ഭാഗ്യ ചിഹ്നമായ ഓട്ടോറിക്ഷയിൽ കയറാൻ കേരളാ കോൺഗ്രസ്

Mail This Article
കോട്ടയം ∙ സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിച്ച കേരള കോൺഗ്രസ് ചിഹ്നമായി ഓട്ടോറിക്ഷ ആവശ്യപ്പെടും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ഫ്രാൻസിസ് ജോർജ് മത്സരിച്ച് വിജയിച്ചത് ഓട്ടോറിക്ഷ ചിഹ്നത്തിലാണ്. ഭാഗ്യ ചിഹ്നം കൈവിടേണ്ടെന്നാണ് പാർട്ടി തീരുമാനം. ചരൽക്കുന്നിൽ ദ്വിദിന പാർട്ടി ക്യാംപ് നടക്കുന്നതിനിടെയാണ് സംസ്ഥാന പാർട്ടിയായി അംഗീകരിച്ച അറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നും ലഭിക്കുന്നത്. ഇതിനുപിന്നാലെ നേതാക്കൾ തമ്മിൽ ആശയവിനിമയം നടത്തി.
സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിക്കുമ്പോൾ ഓട്ടോറിക്ഷ ചിഹ്നം വേണമെന്ന് പി.ജെ. ജോസഫ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്യത്തെ മറ്റ് രണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നമായി ഓട്ടോറിക്ഷ അനുവദിച്ചിട്ടുണ്ടെന്നും നിങ്ങൾക്ക് ആവശ്യമെങ്കിൽ മറ്റൊരു ചിഹ്നം തിരഞ്ഞെടുക്കാമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്. ഇതുപ്രകാരം 3 ചിഹ്നങ്ങൾ ജോസഫ് വിഭാഗത്തിനു തിരഞ്ഞെടുപ്പ് കമ്മിഷൻ മുൻപാകെ സമർപ്പിക്കാം. ഇതിൽ നിന്ന് ഒരു ചിഹ്നം കമ്മിഷൻ അംഗീകരിക്കും. എന്നാൽ ഓട്ടോറിക്ഷ തന്നെ മതിയെന്ന് ആവശ്യപ്പെടാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
2010ൽ മാണി ഗ്രൂപ്പിൽ ലയിക്കുന്നതിനു മുന്നേ എൽഡിഎഫിലായിരുന്ന ജോസഫ് ഗ്രൂപ്പ് സംസ്ഥാന പാർട്ടിയായിരുന്നു. 2019ൽ മാണി ഗ്രൂപ്പുമായി വഴിപിരിയുമ്പോൾ സംസ്ഥാന പാർട്ടി പദവിയും സ്വന്തമായുള്ള ചിഹ്നവും നഷ്ടമായ അവസ്ഥയായി. പിളർപ്പിനു പിന്നാലെ നടന്ന 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം മൂലം സംസ്ഥാന പാർട്ടി പദവി ലഭിച്ചില്ല. അന്ന് ജയിച്ചത് 2 സീറ്റിൽ മാത്രമായിരുന്നു, തൊടുപുഴയിൽ നിന്ന് പി.ജെ. ജോസഫും കടുത്തുരുത്തിയിൽ നിന്ന് മോൻസ് ജോസഫും.
സംസ്ഥാന പാർട്ടി പദവി ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടു വയ്ക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലുമൊന്നു നേടിയാൽ മതി. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റെങ്കിലും ലഭിക്കണം. അല്ലെങ്കിൽ ലോക്സഭാ തിരഞ്ഞെപ്പിൽ ഒരു സീറ്റെങ്കിലും ജയിക്കണം. ജോസ് കെ.മാണി വിഭാഗത്തിനു നിയമസഭയിൽ 5 അംഗങ്ങളുള്ളതിനാൽ കോട്ടയത്തെ പരാജയം മൂലം അവരുടെ സംസ്ഥാന പാർട്ടി പദവിക്ക് ചലനമുണ്ടായില്ല. എൻ.കെ. പ്രേമചന്ദ്രൻ എംപിയായി തുടരുന്നതിനാൽ നിയമസഭയിൽ അംഗബലമില്ലെങ്കിലും ആർഎസ്പി സംസ്ഥാന പാർട്ടിയാണ്.
അന്ന് സൈക്കിൾ
മാണി വിഭാഗവുമായി ലയിക്കും മുൻപ് സൈക്കിളായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ ചിഹ്നം. പാർട്ടിയുടെ ആവശ്യ പ്രകാരം സൈക്കിൾ തിരഞ്ഞെടുപ്പു കമ്മിഷൻ മരവിപ്പിച്ചു. പിന്നീട് ആ ചിഹ്നം പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും നീക്കം വൈകുമെന്നു കണ്ട് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ട്രാക്ടർ ഓടിക്കുന്ന കർഷകന്റെ ചിഹ്നത്തിലാണ് പാർട്ടി മത്സരിച്ചത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ചെണ്ട ആയിരുന്നു ജോസഫ് ഗ്രൂപ്പിന്റെ ചിഹ്നം.