‘ഇത്രയും തിരക്കിൽ ആദ്യം’; മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ സ്റ്റീവ് ജോബ്‌സിന്‍റെ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം

Mail This Article
പ്രയാഗ്‌രാജ് (യുപി) ∙ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കുന്നതിനിടെ ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്‍റെ ഭാര്യ ലൊറീൻ പവലിന് ദേഹാസ്വാസ്ഥ്യം. ജനത്തിരക്ക് മൂലം ലൊറീന്‍ പവലിന് അലർജിയുണ്ടായതായാണ് റിപ്പോര്‍ട്ട്. നിരഞ്ജനി അഖാരയിലെ സ്വാമി കൈലാശാനന്ദയുടെ നേതൃത്വത്തിലുള്ള ആശ്രമത്തിലാണ് ലൊറീന്‍ പവല്‍ ഇപ്പോഴുള്ളത്.
‘‘കുംഭമേളയിലെ ജനത്തിരക്കാണ് അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയത്. അലര്‍ജിയുടെ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. ഇത്രയും വലിയ ജനക്കൂട്ടത്തിനിടയില്‍ അവര്‍ ആദ്യമായാണ് എത്തുന്നത്. അന്തരീക്ഷത്തിലെ മാറ്റവും കാരണമായിട്ടുണ്ട്. ഇപ്പോള്‍ അവര്‍ ആശ്രമത്തിൽ വിശ്രമത്തിലാണ്.’’– സ്വാമി കൈലാഷാനന്ദ് ഗിരി പറഞ്ഞു. ആരോഗ്യം വീണ്ടെടുക്കുമ്പോള്‍ ത്രിവേണീ സ്നാനത്തിൽ അവര്‍ പങ്കുചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ആത്മീയയാത്രയിലുള്ള ലോറീൻ പവൽ ജോബ്സ്, ഞായറാഴ്ചയാണ് മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിൽ എത്തിയത്. കുംഭമേളയുടെ ഭാഗമായി നടക്കുന്ന വിവിധ ചടങ്ങുകളിൽ അവർ തിങ്കളാഴ്ച പങ്കെടുത്തിരുന്നു.കുംഭമേളയില്‍ പങ്കെടുക്കുന്നതിനിടെ ‘കമല’ എന്ന പേരും അവർ സ്വീകരിച്ചിരുന്നു. കുംഭമേളയ്ക്ക് എത്തുന്നതിനു മുൻപ് ഈ മാസം 11ന് അവർ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുകയും ജലാഭിഷേകം നടത്തുകയും ചെയ്തിരുന്നു.
144 വർഷങ്ങൾക്കുശേഷം എത്തിയ മഹാകുംഭമേളയ്ക്ക് സാക്ഷിയാകാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ എത്തിയിട്ടുണ്ട്. യുഎസിൽ നിന്നും ബ്രസീലിൽ നിന്നും ജപ്പാനിൽനിന്നും ദക്ഷിണകൊറിയയിൽ നിന്നുമുള്ള സംഘം ഇക്കൂട്ടത്തിലുണ്ട്. 10,000 ഏക്കർ ഭൂമിയിൽ ഒരുക്കിയ താൽക്കാലിക നഗരത്തിൽ ഒരേസമയം ഒരുകോടിയോളം തീർഥാടകരെ സ്വീകരിക്കാൻ ആവശ്യമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നതെന്ന് യുപി ചീഫ് സെക്രട്ടറി മനോജ് കുമാർ സിങ് പറഞ്ഞു. സുഗമമായ സഞ്ചാരത്തിന് 30 താൽക്കാലിക പാലങ്ങൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി 45,000 പൊലീസുകാരെ വിന്യസിച്ചിരിക്കുന്നു. സമൂഹമാധ്യമങ്ങൾ നിരന്തരം നിരീക്ഷിക്കാനും സംവിധാനമുണ്ട്. ഫെബ്രുവരി 26 വരെ നീളുന്ന മേളയിൽ 45 കോടിയിലേറെ പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.
അമൃതപുണ്യം
∙ പുരാണത്തിലെ പാലാഴിമഥനകഥയുമായി ബന്ധപ്പെട്ടതാണ് കുംഭമേളയുടെ ഐതിഹ്യം. ദേവന്മാരും അസുരന്മാരും ചേർന്നു പാലാഴി കടഞ്ഞെടുത്തു നേടിയ അമൃത് നിറച്ച കുംഭം പക്ഷിരാജാവായ ഗരുഡനെ ദേവന്മാർ സൂക്ഷിക്കാൻ ഏൽപിച്ചു. കുംഭവുമായി പറക്കുന്നതിനിടയിൽ അമൃതിന്റെ തുള്ളികൾ ഭൂമിയിൽ പ്രയാഗ്‌രാജ്, നാസിക്, ഹരിദ്വാർ, ഉജ്ജയിൻ എന്നിവിടങ്ങളിൽ പതിച്ചെന്നാണു കഥ.
ദേവന്മാർ കഴിച്ചതിന്റെ ബാക്കി അമൃത് കുംഭത്തിലാക്കി കുഴിച്ചിട്ടിരിക്കുന്ന രഹസ്യ സ്ഥലങ്ങളിലാണ് കുംഭമേള നടത്തുന്നതെന്നു മറ്റൊരു ഐതിഹ്യവുമുണ്ട്. ഈ പുണ്യസ്ഥലങ്ങളിലൂടെ ഒഴുകുന്ന നദികൾക്ക് കുംഭമേളയുടെ സമയത്ത് അമൃതിന്റെ ഗുണം കൈവരുമെന്നാണു വിശ്വാസം.