ആ ആരോപണവും പിൻവലിക്കണം; അൻവറിനു ശശിയുടെ നാലാമത്തെ വക്കീൽ നോട്ടിസ്

Mail This Article
കണ്ണൂര്‍ ∙ പി.വി.അൻവറിന് വീണ്ടും വക്കീൽ നോട്ടിസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടതു ശശിയാണെന്ന പരാമർശത്തിലാണ് നടപടി. അൻവറിന്‍റെ ആരോപണം അടിസ്ഥാനരഹിതമെന്നും പിൻവലിക്കണമെന്നും നോട്ടിസിൽ പറയുന്നു. ശശി അൻവറിന് അയയ്ക്കുന്ന നാലാമത്തെ വക്കീൽ നോട്ടിസാണിത്. ശശിയുടെ പരാതിയില്‍ മൂന്ന് കേസുകൾ നിലവിൽ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്.
-
Also Read
കോൺഗ്രസിനെയും വെട്ടിലാക്കി അൻവർ
വി.ഡി.സതീശനെതിരെ നിയമസഭയില്‍ ഉന്നയിച്ച 150 കോടി രൂപയുടെ അഴിമതി ആരോപണം ചതിയാണെന്നായിരുന്നു എംഎൽഎ സ്ഥാനം രാജിവച്ച ശേഷം ഇന്നലെ അന്‍വറിന്റെ വെളിപ്പെടുത്തൽ. പി.ശശിയാണ് ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നിരന്തരം ആക്രമണം അഴിച്ചുവിടുന്ന സമയമായിരുന്നു. പിണറായിയെ പിതാവിനെപ്പോലെ കരുതിയിരുന്ന തനിക്ക് അതില്‍ പ്രതിപക്ഷത്തോട് കടുത്ത ദേഷ്യം ഉണ്ടായിരുന്നു. അപ്പോഴാണ് ശശി ഈ കാര്യം പറഞ്ഞത്.
തൊട്ടടുത്ത നിയമസഭാസമ്മേളനത്തില്‍ ഉന്നയിക്കാമെന്ന് പറഞ്ഞു. ഉന്നയിക്കേണ്ട കാര്യം എഴുതി നല്‍കുകയായിരുന്നുവെന്നും അതാണ് താന്‍ നിയമസഭയില്‍ പറഞ്ഞതെന്നും ആയിരുന്നു അൻവറിന്റെ വെളിപ്പെടുത്തൽ. ആരോപണം മൂലം വി.ഡി.സതീശനുണ്ടായ മാനഹാനിക്ക് അദ്ദേഹത്തോട് മാപ്പുപറയുന്നുവെന്നും അൻവർ പറഞ്ഞിരുന്നു.