പത്തനംതിട്ട പീഡനക്കേസ്: വിവിധ സ്റ്റേഷനുകളിൽ 31 കേസുകൾ, 59 പ്രതികൾ; ഒരാൾ സംസ്ഥാനത്തിന് പുറത്ത്?

Mail This Article
പത്തനംതിട്ട∙ ദലിത് പെൺകുട്ടിയെ 13 വയസ്സു മുതൽ പീഡിപ്പിച്ച സംഭവത്തിൽ വിവിധ സ്റ്റേഷനുകളിലായി ഇതുവരെ റജിസ്റ്റർ ചെയ്തത് 31 കേസുകൾ. ആകെ 59 പ്രതികളാണുള്ളത്. ഇതിൽ 48 പേരെ അറസ്റ്റ് ചെയ്തു, 11 പേരെ പിടികൂടാനുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. വിദേശത്തുള്ള 2 പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും. ഒരാൾ സംസ്ഥാനത്തിനു പുറത്താണെന്നാണു സൂചന.
പ്രതികളിൽ ഒരാൾ പോക്സോ കേസിൽ നിലവിൽ ജയിലിലാണ്. ഒരു പ്രതിക്കെതിരെ 2 കേസുകളുണ്ട്. വിദ്യാർഥിനിയുടെ സഹപാഠികളും ഉയർന്ന ക്ലാസുകളിൽ പഠിക്കുന്നവരും കേസിൽ പ്രതികളാണ്. പത്തനംതിട്ടയിൽ റജിസ്റ്റർ ചെയ്ത ഒരു കേസ് തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷനിലേക്കു കൈമാറിയിരുന്നു. ഇതുവരെ റജിസ്റ്റർ ചെയ്ത ആകെ ആറു കേസുകളിൽ കോടതി കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാൻ ജില്ലാ പൊലീസ് മേധാവിക്കു സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ നിർദേശം നൽകി.