ബിജെപി സംസ്ഥാന ഭാരവാഹിത്വത്തിൽ ചർച്ച; 5 വർഷ കാലപരിധി വിഷയം പുനഃപരിശോധിച്ച് കോർ കമ്മിറ്റി

Mail This Article
തിരുവനന്തപുരം∙ ഭാരവാഹികളുടെ അഞ്ചു വര്‍ഷ കാലപരിധി സംബന്ധിച്ച പുനരാലോചനയ്ക്കു ബിജെപി കോര്‍ കമ്മിറ്റിയില്‍ തീരുമാനം. അഞ്ചു വര്‍ഷമായി ഭാരവാഹിത്വത്തില്‍ തുടരുന്നവര്‍ സ്ഥാനം ഒഴിയണമെന്ന നിര്‍ദേശം നടപ്പാക്കുന്ന കാര്യത്തിലാണ് വിശദമായ ചര്‍ച്ച നടന്നത്. അഞ്ചു വര്‍ഷം ഭാരവാഹി ആയിരുന്നവര്‍ക്കു വീണ്ടും മത്സരിക്കാമെന്ന നിബന്ധന കോർ കമ്മിറ്റി പുനഃപരിശോധിച്ചു. ഇതു നടപ്പായാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവർക്ക് പദവി ഒഴിയേണ്ടിവരും.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ വരണാധികാരിയുമായ തരുണ്‍ ചുഗ്, സഹ വരണാധികാരി വാനതി ശ്രീനിവാസന് എന്നിവര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതിനായി ഓരോ ജില്ലയില്‍ നിന്നും പരമാവധി മൂന്നു പേരുടെ പാനല്‍ കോര്‍കമ്മിറ്റിയോഗത്തില്‍ തയാറാക്കി. പട്ടിക ദേശീയ നേതൃത്വത്തിനു കൈമാറും. ഡല്‍ഹിയില്‍ ആര്‍എസ്എസ് സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.