ക്യൂബയെ ഭീകരവാദ പട്ടികയിൽനിന്ന് ഒഴിവാക്കി; അധികാരമൊഴിയും മുൻപ് ബൈഡന്റെ നടപടി

Mail This Article
വാഷിങ്ടൻ∙ ക്യൂബയുമായുള്ള ബന്ധത്തിൽ ചരിത്രപരമായ നീക്കവുമായി യുഎസ്. ക്യൂബയെ ഭീകരവാദ പട്ടികയിൽനിന്ന് ഒഴിവാക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പദവിയൊഴിയാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണു ബൈഡന്റെ നിർണായക നടപടി.
2021ല്‍ ഭരണത്തിന്റെ അവസാന ദിവസങ്ങളിലാണ് അന്നത്തെ പ്രസിഡന്റ് ട്രംപ് ക്യൂബയെ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തിയത്. ക്യൂബയിലേക്കുള്ള അമേരിക്കയുടെ സാമ്പത്തിക സഹായവും ആയുധ കയറ്റുമതിയും നിരോധിക്കുകയും ചെയ്തു. ഈ തീരുമാനമാണു തന്റെ ഭരണകാലയളവിന്റെ അവസാനത്തിൽ ബൈഡൻ തിരുത്തിയത്. കുറ്റവാളികളെ വിട്ടയയ്ക്കുന്നതിന്റെ ഭാഗമായി ക്യൂബയെ ഭീകരവാദ രാജ്യമായി കണക്കാക്കുന്നത് അവസാനിപ്പിക്കുമെന്നു ബൈഡന്‍ പറഞ്ഞു.
യുഎസ് നടപടിയെ ക്യൂബ സ്വാഗതം ചെയ്തു. ‘വിവിധ കുറ്റങ്ങള്‍ക്ക്’ അറസ്റ്റിലായ 553 തടവുകാരെ വിട്ടയയ്ക്കുമെന്നും ക്യൂബ അറിയിച്ചു. നാലു വര്‍ഷം മുൻപ് സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെയും ഇതില്‍ ഉള്‍പ്പെടുത്തുമെന്നാണു സൂചന. ബൈഡന്റെ നീക്കം ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണെന്നു ക്യൂബയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
യുഎസ് പ്രഖ്യാപിച്ച ഭീകരവാദ പട്ടികയിൽ ഉത്തര കൊറിയ, സിറിയ, ഇറാന്‍ എന്നിവയ്‌ക്കൊപ്പമായിരുന്നു ക്യൂബയും. 2015ല്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ ക്യുബയെ പട്ടികയില്‍നിന്ന് നീക്കിയിരുന്നു. വെനസ്വേലയിലെ നിക്കോളാസ് മഡുറോയെ പിന്തുണയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ക്യൂബയെ ട്രംപ് വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തി. സാമ്പത്തിക തകർച്ചയിൽനിന്നു കരകയറാൻ പുതിയ തീരുമാനം ക്യൂബയെ സഹായിക്കുമെന്നാണു വിലയിരുത്തൽ. 20ന് ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരത്തിലെത്തിയാൽ തീരുമാനം യുഎസ് മാറ്റുമോ എന്നറിയില്ല.