കാട്ടാക്കട അശോകൻ കൊലക്കേസ്: 5 ബിജെപി പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തം

Mail This Article
തിരുവനന്തപുരം∙ കാട്ടാക്കട സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ എന്ന അശോകനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ 5 ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും. മറ്റു മൂന്നു പ്രതികൾക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം നാലാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയാണ് വിധി പ്രഖ്യാപിച്ചത്. സംഭവത്തില്‍ നേരിട്ടു പങ്കാളികളായ 5 പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും 3 പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റവും കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പലിശ നല്കിയതു കുറഞ്ഞുപോയതു ചോദ്യം ചെയ്തതായിരുന്നു കൊലപാതക കാരണം. ആമച്ചല്‍ സ്വദേശികളായ തലക്കോണം തെക്കേ കുഞ്ചു വീട്ടില്‍ ശംഭുകുമാര്‍ എന്ന ശംഭു, കരുതംകോട് കാവിന്‍പുറം എസ്എം സദനത്തില്‍ ശ്രീജിത്ത് എന്ന ഉണ്ണി, കരുംതംകോട് മേലെ കുളത്തിന്‍കര വീട്ടില്‍ ഹരികുമാര്‍, കരുതംകോട് താരാഭവനില്‍ ചന്ദ്രമോഹന് എന്ന അമ്പിളി, തലക്കോണം തെക്കേ കുഞ്ചുവീട്ടില്‍ സന്തോഷ് എന്ന ചന്തു എന്നിവര്‍ക്കെതിരെയാണു കൊലക്കുറ്റം ചുമത്തിയത്.
ആലംകോട് കുളത്തിമ്മേല്‍ അമ്പലത്തിന്‍കാല സ്വദേശി അഭിഷേക് എന്ന അണ്ണി സന്തോഷ്, അമ്പലതിന്‍കാല കളവിക്കോട് പ്രശാന്ത് എന്ന പഴിഞ്ഞി പ്രശാന്ത്, കുളത്തിമ്മേല്‍ ചെമ്പനാക്കോട് ചന്ദ്രവിലസത്തില്‍ സജീവ് എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നുമാണു കണ്ടെത്തിയിട്ടുളളത്. 19 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ ഒരാള്‍ മരിക്കുകയും 2 പേര് മാപ്പു സാക്ഷികള്‍ ആകുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട ശ്രീകുമാറിന്റെ സുഹൃത്ത് ബിനു ഒന്നാം പ്രതി ശംഭുകുമാറില്‍ നിന്ന് തന്റെ ബൈക്കിന്റെ ആര്‍സി ബുക്ക് പണയംവച്ച് 10,000 രൂപ പലിശയ്ക്കു വാങ്ങിയിരുന്നു. പലിശ നല്കിയതു കുറഞ്ഞതിനാല്‍ ബിനുവിന്റെ ബൈക്കിന്റെ താക്കോല്‍ ശംഭുകുമാര്‍ എടുത്തു. ഇതു ശ്രീകുമാര്‍ ചോദ്യം ചെയ്യുകയും ശംഭുവിനെ മര്‍ദിക്കുകയും ചെയ്തു. ഇതിനു പ്രതികാരമായാണു ശംഭുവിന്റെ സുഹൃത്തുക്കളായ പ്രതികള്‍ ശ്രീകുമാറിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത്. 2013 മേയ് രണ്ടിനായിരുന്നു സംഭവം.