‘ഗോപൻ എങ്ങനെ മരിച്ചു, മരണ സർട്ടിഫിക്കറ്റ് എവിടെ?; കല്ലറ തുറക്കാൻ പൊലീസിന് അധികാരമുണ്ട്’

Mail This Article
കൊച്ചി ∙ പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന സംഭവത്തിൽ കുടുംബത്തിന്റെ നിലപാടിനെതിരെ ഹൈക്കോടതി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ മരിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി.എസ്.ഡയസിന്റെതാണ് ഉത്തരവ്. കല്ലറ തുറക്കണമെന്ന ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ്, സമാധിയായി എന്നു പറയപ്പെടുന്ന നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനിൽ ഗോപന്റെ (മണിയൻ) ഭാര്യയും രണ്ട് ആൺമക്കളും ഹർജി നൽകിയത്. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. ഹർജിയിൽ ജില്ലാ കലക്ടർക്ക് നോട്ടിസ് അയച്ച കോടതി, കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
ഹര്‍ജി പരിഗണിച്ചപ്പോൾ ഗോപൻ എങ്ങനെ മരിച്ചുവെന്നു പറയാൻ കുടുംബത്തോട് ആവശ്യപ്പെട്ട കോടതി ഗോപന്റെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നും ചോദിച്ചു. മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും അന്വേഷണം തടയാനാവില്ലെന്നും കോടതി ഇതോടെ വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് അറിയിച്ച കോടതി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും പറഞ്ഞു. ഗോപന്റെത് സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണമെന്നു വ്യക്തമാക്കിയ കോടതി മരണം എവിടെയാണു അംഗീകരിച്ചതെന്നും കുടുംബത്തോട് ചോദിച്ചു.
രോഗാതുരനായി മരണശയ്യയിലായിരുന്ന ഗോപൻ ‘സ്വർഗവാതിൽ ഏകാദശി’യായ ജനുവരി ഒമ്പതിന് സമാധിയാകുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചുവെന്നും തങ്ങൾ അത് പൂർത്തീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഭാര്യയും മക്കളും നൽകിയ ഹർജിയിൽ പറയുന്നു. അന്നേ ദിവസം ഗോപനെ തങ്ങൾ സമാധിയില്‍ ഇരുത്തി അതിനു മേൽ സമാധിപീഠം നിർമിച്ചു എന്നും ഹർജിയിൽ പറയുന്നു. ഹിന്ദുമത വിശ്വാസമനുസരിച്ചാണ് ഇങ്ങനെ ചെയ്തതെന്നും സമാധിയായി മരിക്കുന്നത് രാജ്യത്ത് വിലക്കിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
തങ്ങളുടെ വീടിനു പിന്നിൽ താമസിക്കുന്ന വിശ്വംഭരൻ ഗോപനെ കാണാനില്ലെന്ന് കാട്ടി പരാതി നൽകുന്നതു വരെ സമാധിക്കാര്യത്തിൽ ആർക്കും പ്രശ്നമില്ലായിരുന്നു എന്നും ഹർജിയിൽ പറയുന്നു. ഗോപൻ തന്റെ വീടിനോടു ചേർന്ന് ക്ഷേത്രവും നാഗത്തറയും നിർമിച്ചതിൽ വിശ്വംഭരന് ഇഷ്ടക്കുറവുണ്ടായിരുന്നു. ഇത് വഴിത്തർക്കവുമായി ബന്ധപ്പെട്ടതാണ്. ഇതിന്റെ പേരിലായിരിക്കാം ഗോപനെ കാണാനില്ലെന്ന് കാട്ടി പരാതി നൽകിയതെന്നും ഹർജിയിൽ പറയുന്നു.
അതേസമയം ഹൈക്കോടതിയില്‍നിന്നു തിരിച്ചടി നേരിട്ടെങ്കിലും നിലപാട് ആവര്‍ത്തിക്കുകയാണ് ഗോപന്റെ കുടുംബം. പൊലീസ് അന്വേഷണത്തെ ഭയപ്പെടേണ്ട കാര്യമില്ലെന്നു ഗോപന്റെ മകന്‍ സനന്തന്‍ പറഞ്ഞു. ‘‘അച്ഛന്റേത് മരണമല്ല, സമാധിയാണ്. ഹൈക്കോടതി പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ല. അച്ഛന്‍ സമാധിയായെന്നു ഞങ്ങള്‍ മക്കളും അമ്മയും പറയുന്നു. മക്കള്‍ മാത്രമേ ചടങ്ങുകള്‍ ചെയ്യാവൂ എന്നത് അച്ഛന്റെ ആഗ്രഹമാണ്. സമാധിച്ചടങ്ങുകള്‍ കഴിഞ്ഞ ശേഷമേ മറ്റുള്ളവരെ അറിയിക്കാവൂ എന്നും പറഞ്ഞിരുന്നു.’’ - സനന്തന്‍ പറഞ്ഞു.