‘സക്കർബർഗിന് അശ്രദ്ധ കൊണ്ടുവന്ന തെറ്റ്, മാപ്പ് ചോദിക്കുന്നു; ഇന്ത്യ മെറ്റയുടെ പ്രധാനപ്പെട്ട രാജ്യം’

Mail This Article
ന്യൂഡൽഹി∙ 2024ലെ പൊതു തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാർക്ക് സക്കർബർഗിന്റെ പരാമർശത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഇന്ത്യയോട് മാപ്പ് ചോദിച്ച് മെറ്റ. മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി വിഭാഗം വൈസ് പ്രസിഡന്റ് ശിവനാഥ് തുക്രൽ ആണ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. വിഷയത്തിൽ മെറ്റയ്ക്ക് സമൻസ് അയയ്ക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി സമിതി തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മെറ്റയുടെ മാപ്പപേക്ഷ.
‘‘2024 ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിലിരുന്ന പല പാർട്ടികളും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന മാർക്കിന്റെ നിരീക്ഷണം പല രാജ്യങ്ങളിലും സംഭവിച്ചു. പക്ഷേ ഇന്ത്യയിൽ അങ്ങനെയല്ല. മാർക്കിന്റെ ഭാഗത്തു നിന്നു വന്ന ഈ അശ്രദ്ധമായ തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യ മെറ്റയുടെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമായി തുടരും.’’ – ശിവനാഥ് തുക്രൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന്റെ പോസ്റ്റിനു താഴെ കുറിച്ചു.
2024ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് മാർക്ക് സക്കർബർഗ് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് നേരത്തെ മെറ്റയ്ക്ക് സമൻസ് അയയ്ക്കാൻ പാർലമെന്ററി സമിതി തീരുമാനിച്ചിരുന്നു. വ്യാജ വിവരം പ്രചരിപ്പിച്ചതിനാണ് സമൻസ് അയയ്ക്കുന്നതെന്നാണ് കമ്യൂണിക്കേഷൻ ആൻഡ് ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിഷികാന്ത് ദുബെ എംപി പറഞ്ഞത്. കോവിഡ് മഹാമാരി, ലോകരാജ്യങ്ങളിൽ നിലവിൽ ഭരണത്തിലിരിക്കുന്ന സർക്കാരുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്നും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭരണകക്ഷി കനത്ത പരാജയം ഏറ്റുവാങ്ങിയെന്നും ജനുവരി 10ന് പ്രക്ഷേപണം ചെയ്ത പോഡ്കാസ്റ്റിലായിരുന്നു സക്കർബർഗ് നടത്തിയത്.