കരുത്തറിയിച്ച് 2 യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലും; മോദി ഇന്നു രാജ്യത്തിനു സമർപ്പിക്കും

Mail This Article
മുംബൈ∙ ഇന്ത്യൻ സൈന്യത്തിനു കരുത്തായി കൂടുതൽ പടക്കപ്പലുകൾ. യുദ്ധക്കപ്പലുകളായ ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, മുങ്ങിക്കപ്പൽ ഐഎൻഎസ് വാഗ്ഷീർ എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തിനു സമർപ്പിക്കും. രാവിലെ ദക്ഷിണ മുംബൈയിലെ നേവൽ ഡോക്‌യാഡിലാണ് പരിപാടി. വൈകിട്ട് അഞ്ചിന് നവിമുംബൈയിലെ ഖാർഘറിൽ ഇസ്‌കോൺ ക്ഷേത്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ലോകത്തെ തന്നെ ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പലുകളിൽ ഒന്നാണ് ഐഎൻഎസ് സൂറത്ത്. നാവികസേനയുടെ ‘വാർഷിപ് ഡിസൈൻ ബ്യൂറോ’ രൂപകൽപന ചെയ്‌ത ഐഎൻഎസ് നീലഗിരിയിലും അത്യാധുനിക സംവിധാനങ്ങൾ സജ്ജമാണ്. മുങ്ങിക്കപ്പൽ നിർമാണത്തിൽ ഇന്ത്യയുടെ വൈദഗ്ധ്യത്തിന്റെ അടയാളമാണ് ഐഎൻഎസ് വാഗ്‌ഷീർ.
ഐഎൻഎസ് സൂറത്ത്
പി 15 ബി ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ പ്രോജക്ടിന്റെ ഭാഗമായുള്ള നാലാമത്തെയും അവസാനത്തെയും കപ്പൽ. 75 ശതമാനം ഭാഗവും തദ്ദേശീയമായി നിർമിച്ചത്.
ഐഎൻഎസ് നീലഗിരി
പി 17 എ സ്റ്റെൽത്ത് ഫ്രിഗേറ്റ് പദ്ധതിയിലെ ആദ്യ കപ്പൽ. നാവികസേനയുടെ ‘വാർഷിപ് ഡിസൈൻ ബ്യൂറോ’ രൂപകൽപന ചെയ്‌തത്.
ഐഎൻഎസ് വാഗ്ഷീർ
പി 75 സ്കോർപീൻ പദ്ധതിയുടെ ആറാമത്തെയും അവസാനത്തെയും മുങ്ങിക്കപ്പലാണ് ഐഎൻഎസ് വാഗ്ഷീർ. ഫ്രാൻസിലെ നേവൽ ഗ്രൂപ്പുമായി സഹകരിച്ചാണ് നിർമാണം.