കരിമലയെക്കാൾ കഠിനം ശബരിപാത: റെഡ് സിഗ്നൽ മാറുന്നില്ല; ‘ത്രികക്ഷി കരാറിൽ കേരളം മറുപടി നൽകിയില്ല’

Mail This Article
തിരുവനന്തപുരം∙ അങ്കമാലി-എരുമേലി ശബരിപാത സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ മുന്നോട്ടുള്ള യാത്ര കല്ലും മുള്ളും നിറഞ്ഞതെന്ന് ഉറപ്പായി. പദ്ധതി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രിയും കേന്ദ്ര റയില്‍വേ മന്ത്രിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉപാധികള്‍ അംഗീകരിക്കുന്നതിലെ അലംഭാവം നിമിത്തം സമീപഭാവിയിലൊന്നും പദ്ധതിക്ക് ഗ്രീന്‍ സിഗ്നല്‍ തെളിയുമെന്നു കരുതാനാവില്ല. ശബരി റെയില്‍ സംബന്ധിച്ച് ആവശ്യമായ പിന്തുണ നല്‍കാമെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും പദ്ധതി നടപ്പാക്കണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും ബാക്കി കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ ത്രികക്ഷി കരാര്‍ വേണമെന്ന നിര്‍ദേശത്തില്‍ കേരളം ഇതുവരെ കൃത്യമായി മറുപടി നല്കാത്തതിനാല് പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ തുടരാന്‍ കഴിയില്ലെന്നാണു കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നത്. ത്രികക്ഷി കരാറില്‍ ഒപ്പിടേണ്ടതില്ലെന്നു ഡിസംബറില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടില്ല. റെയില്‍വേയ്ക്കുള്ള മറുപടിക്കത്ത് തയാറാണെന്നും മുഖ്യമന്ത്രി അംഗീകാരം നല്കിയാല് അയയ്ക്കുമെന്നുമാണ് റെയില്‍വേ ചുമതലയുള്ള മന്ത്രി വി.അബ്ദു റഹിമാന്റെ ഓഫിസ് പറയുന്നത്.
പദ്ധതിക്കുളള 50 ശതമാനം തുക കിഫ്ബി വഴി വഹിക്കാമെന്നും ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പുപരിധിയില്‍നിന്ന് ഒഴിവാക്കണമെന്നുമുള്ള ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ ഇതു തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന കാര്യമല്ലെന്നു ദക്ഷിണ റെയില്‍വേ വ്യക്തമാക്കുന്നു. കേരളത്തിന്റെ ഉപാധികളോടെയുള്ള സമ്മതം പരിശോധിച്ച കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ് ത്രികക്ഷി കരാര്‍ എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. 3,810 കോടി രൂപ ചെലവു വരുന്ന പദ്ധതിയില്‍ കേരള സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും റിസര്‍വും ബാങ്കുമായി ചേര്‍ന്ന് കരാര്‍ വേണമെന്നാണ് നവംബറില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു കരാറില്‍ ഒപ്പിടേണ്ടതില്ലെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പല സംസ്ഥാനങ്ങളും പകുതി തുക നല്‍കാമെന്നറിയിച്ച ശേഷം പിന്മാറുന്നതിനാലാണു ത്രികക്ഷി കരാറെന്ന പുതിയ ഉപാധി റെയില്‍വേ മുന്നോട്ടു വച്ചത്. ഏതെങ്കിലും കാരണത്താല്‍ കേരളം റെയില്‍വേക്കു പണം നല്‍കിയില്ലെങ്കില്‍ ആ തുക റിസര്‍വ് ബാങ്ക് കേരളത്തിനുള്ള വിഹിതത്തില്‍ കുറവ് ചെയ്യുന്ന കരാര്‍ ഒപ്പിടാനില്ലെന്നാണ് കേരളം വ്യക്തമാക്കുന്നത്. ഇതോടെ ശബരി പാത അനിശ്ചിതമായി നീണ്ടുപോകുന്ന നിലയിലാണുള്ളത്.
അതേസമയം കേരളം സമ്മതം അറിയിക്കാതെ ഒരിഞ്ചു മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു ദക്ഷിണ റെയില്‍വേ അധികൃതര്‍ പറയുന്നു. കേരളം ത്രികക്ഷി കരാറില്‍ ഒപ്പുവച്ച് പണം കൈമാറാനുളള സമ്മതം അറിയിക്കണം. ഇരട്ടപ്പാത വേണമെന്ന റെയില്‍വേ നിര്‍ദേശവും കേരളം തള്ളിയിരുന്നു. ആദ്യം ഒറ്റവരിപ്പാതയായി നടപ്പാക്കാനും പിന്നീട് ഇരട്ടപ്പാത വേണമെന്ന നിര്‍ദേശം ഭാവിയില്‍ പരിഗണിക്കാനുമാണ് തീരുമാനം.
പദ്ധതിക്കായി ആകെ വേണ്ട 303.58 ഹെക്ടറില്‍ ഇതുവരെ 24.40 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിക്കായി 101.58 കോടി നല്‍കിയിട്ടുണ്ടെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു. സ്ഥലമേറ്റെടുപ്പിനെതിരെ ഉയര്‍ന്ന വ്യാപക പ്രതിഷേധവും പകുതി തുക ചെലവിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്കാത്തതുമാണ് പദ്ധതി നടത്തിപ്പു വൈകുന്നതിന്റെ പ്രധാന കാരണമായി റെയില്‍വേ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളിലെ മലക്കം മറിച്ചിലുകള്‍ റെയില്‍വേ അക്കമിട്ടു നിരത്തുന്നു. 2015ല്‍ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുടെ പകുതിച്ചെലവ് വഹിക്കാമെന്നു കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതില്‍നിന്നു പിന്മാറി. 2021ല്‍ ഉപാധികളോടെ സമ്മതം അറിയിച്ചു. 2023ല്‍ വിശദമായ എസ്റ്റിമേറ്റില്‍ ഒപ്പിടാതിരുന്നു. 2024ല്‍ എസ്റ്റിമേറ്റ് ഒപ്പിട്ടെങ്കിലും ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നുള്ള ഉപാധി വച്ചു. ഇതൊക്കെ പദ്ധതിയെ പിന്നോട്ടടിച്ചുവെന്നു ദക്ഷിണ റെയില്‍വേ കുറ്റപ്പെടുത്തുന്നു.
രാമപുരം മുതല്‍ എരുമേലി വരെയുള്ള അന്തിമ ലൊക്കേഷന്‍ സര്‍വേ നിര്‍ത്തിവയ്ക്കേണ്ടി വന്നതു രൂക്ഷമായ പ്രതിഷേധം മൂലവും സംരക്ഷണം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയാതിരുന്നതു മൂലവും ആണെന്നു റെയില്‍വേ ചൂണ്ടിക്കാട്ടുന്നു. പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 2019ല്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.
2014 മുതല്‍ വിവിധ പാതകളുടെ സ്ഥലം ഏറ്റെടുക്കലിനായി 2,227.65 കോടി രൂപ കേരള സര്‍ക്കാരിനായി അനുവദിച്ചിട്ടുണ്ടെന്നും ദക്ഷിണ റെയിവേ അറിയിച്ചു. അടുത്തിടെ ഉയര്‍ന്നുവന്ന ചെങ്ങന്നൂര്‍-പമ്പ പാതയ്ക്കായി 207.50 ഹെക്ടര്‍ ഭൂമിയാണ് വേണ്ടത്. സ്ഥലം ഏറ്റെടുക്കലിനുള്പ്പെടെയുളള ചെലവായ 6408.29 കോടി രൂപയുടെ പകുതി ചെലവഴിക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടുവെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും റെയിൽവേ അധികൃതര്‍ വ്യക്തമാക്കി.
ശബരിപാതയുടെ പദ്ധതിച്ചെലവ് 1997ല്‍ 540 കോടി രൂപയായിരുന്നു. നിര്‍മാണം നീണ്ടതോടെ 2017ല്‍ 2,815 കോടി രൂപയായി. സ്ഥലമേറ്റെടുക്കുന്നതിലും പദ്ധതിയുടെ ചെലവു പങ്കിടുന്ന കാര്യത്തിലും തീരുമാനം വൈകിയതോടെ 2019ല്‍ റെയില്‍വേ പദ്ധതി മരവിപ്പിച്ചു. അങ്കമാലി മുതല്‍ കാലടി വരെ 7 കിലോമീറ്റര്‍ പാത നിര്‍മിച്ചതു മാത്രമാണു ബാക്കി. രാമപുരം വരെ ഭൂമിയേറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
2021ല്‍ കിഫ്ബി വഴി പദ്ധതി നടപ്പാക്കാന്‍ കേരളം കത്തു നല്‍കിയെങ്കിലും എസ്റ്റിമേറ്റ് പുതുക്കാനാണ് റെയില്‍വേ ആവശ്യപ്പെട്ടത്. 3,810 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ഇപ്പോള്‍ റെയില്‍വേയുടെ പരിഗണനയിലുള്ളത്. ഇതിനിടെ പദ്ധതി ഇരട്ടപ്പാതയാക്കണമെന്നും പമ്പ വരെ നീട്ടണമെന്നും റെയില്‍വേ ആവശ്യപ്പെട്ടു. ഇരട്ടപ്പാതയാകുമ്പോള്‍ ചെലവ് 9,600 കോടിയായി ഉയരും. ഇതിന്റെ പകുതി വിഹിതമായി 4,500 കോടിയോളം രൂപ കണ്ടെത്തുക കേരളത്തിന് ഒരുതരത്തിലും എളുപ്പമല്ല എന്നതും പദ്ധതിക്കു തിരിച്ചടിയാണ്.