‘തീർഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭംഗിയായി നടപ്പാക്കി; തീർഥാടകരുടെ സംതൃപ്തിയാണ് എന്റെ ഭക്തി’

Mail This Article
തിരുവനന്തപുരം∙ മകരവിളക്കു ദിവസം ശബരമല ക്ഷേത്ര നടയിൽ നിൽക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.എൻ.വാസവൻ. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ഇത്തവണ യാതൊരു പ്രശ്നവുമില്ലാതെ തീർഥാടനകാലം മനോഹരമായി കടന്നുപോയത് സഹിക്കാനാവാത്തവരാണ് വിവാദത്തിനു പിന്നിലെന്നും മന്ത്രി ‘മനോരമ ഓൺലൈനി’നോടു പറഞ്ഞു.
‘അത് വിവാദമാക്കേണ്ട കാര്യമൊന്നുമില്ല. യാതൊരു കുറവും ഇല്ലാതെ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭംഗിയായി നടപ്പാക്കി. ആചാരനുഷ്ഠാനങ്ങളിൽ ഒരു കുറവും വന്നിട്ടില്ല. 50 ലക്ഷത്തിലേറെ ഭക്തരാണ് ശബരിമലയിൽ എത്തിയത്. അവരുടെ സംതൃപ്തിയാണ് എന്റെ ഭക്തി. അവരുടെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ഞാൻ പ്രയത്നിക്കുമ്പോൾ എവിടെയാണ് അനാദരവ് കാട്ടിയത്. ഇടത്താവളങ്ങളിലെല്ലാം ഞാൻ നേരിട്ടു പോയി യോഗം ചേർന്നു. ചട്ടങ്ങളും നിയമങ്ങളും എല്ലാം പാലിച്ച്, ഭക്തജനങ്ങളെയെല്ലാം കൂട്ടിയിണക്കിയാണ് മുന്നോട്ടു പോയത്.’– വാസവൻ പറഞ്ഞു.