ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ നടന്നത് ബീജാപൂരിലെ വനത്തിനുള്ളിൽ

Mail This Article
ബീജാപൂർ∙ ഛത്തീസ്ഗഡിലെ ബീജാപൂരിൽ സംയുക്ത സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തെക്കൻ ബീജാപൂരിലെ വനത്തിനുള്ളിൽ വച്ചു വ്യാഴാഴ്ച രാവിലെയോടെയാണു വെടിവയ്പ്പ് ആരംഭിച്ചത്. 3 ജില്ലകളിൽ നിന്നുള്ള സംസ്ഥാന പൊലീസിന്റെ ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആർപിഎഫിന്റെ എലൈറ്റ് ജംഗിൾ വാർഫെയർ യൂണിറ്റ് കമാൻഡോ ബറ്റാലിയൻ), സിആർപിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.
സുരക്ഷാ സൈനികർക്കു പരുക്കേറ്റിട്ടില്ല. മേഖലയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഈ മാസം ഇതുവരെ 26 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ജനുവരി 12 ന് ബീജാപൂർ ജില്ലയിലെ മദ്ദേഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 219 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന കൊലപ്പെടുത്തിയത്.