ബംഗാളിന്റെ ഗോത്രമേഖലകളെ നേരിട്ടറിഞ്ഞു ഡോ.സി.വി.ആനന്ദബോസ്; ‘അമർഗ്രാം’ പദ്ധതി ‘ജൻരാജ്ഭവൻ’ സംരംഭത്തിന്റെ രണ്ടാം പതിപ്പ്

Mail This Article
കൊൽക്കത്ത∙ ബംഗാളിലെ ഗോത്രമേഖലകളിലൂടെ യാത്ര ചെയ്തു ഗവർണർ ഡോ.സി.വി.ആനന്ദബോസ്. ‘അമർഗ്രാം’ എന്നു പേരിട്ട ജനസമ്പർക്കപരിപാടിയിൽ നൂറു കണക്കിനു ഗോത്രവിഭാഗക്കാരുമായിട്ടാണു ഗവർണർ ആശയവിനിമയം നടത്തിയത്. സുന്ദർബൻ മേഖലയിലെ ബാങ്ക്ര ഗ്രാമത്തിൽ നിന്നാരംഭിച്ച യാത്ര കഴിഞ്ഞദിവസം പൂർബ ബർദ്ധമാനിലെ ഔസ്ഗ്രാമിലെ സഖഡംഗ എന്ന ഗോത്ര പ്രദേശം വരെ നീണ്ടു. ആനന്ദബോസ് ബംഗാളിൽ ഗവർണറായി ചുമതലയേറ്റപ്പോൾ തുടങ്ങിവെച്ച ‘ജൻരാജ്ഭവൻ’ സംരംഭത്തിന്റെ രണ്ടാം പതിപ്പാണു മൂന്നാം വർഷത്തിന്റെ തുടക്കത്തിൽ രൂപം നൽകിയ ‘അമർഗ്രാം’. കൊല്ലം കലക്ടറായിരുന്ന ആനന്ദബോസിന്റെ ‘ഫയലിൽ നിന്ന് വയലിലേക്ക്’ എന്ന പരിപാടിയാണു പിന്നീട് അദ്ദേഹം നടത്തിയ പല ജനസമ്പർക്ക പരിപാടികളുടെയും തുടക്കം.
പ്രോട്ടോക്കോൾ ചട്ടങ്ങൾ ഒഴിവാക്കി ഗ്രാമത്തിലൂടെ നടന്ന ഗവർണർ സമൂഹത്തിന്റെ ദൈനംദിന ജീവിതം നിരീക്ഷിച്ചു. ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടികളും സ്ത്രീകളുമുൾപ്പെടെ എല്ലാവരുടെയും പ്രശ്നങ്ങൾ കേട്ടു. ഗോത്ര കുടുംബങ്ങൾക്കൊപ്പമിരുന്ന് അദ്ദേഹം ഉച്ചഭക്ഷണവും കഴിച്ചു. ഗവർണർ ചെയർമാനായ ഈസ്റ്റേൺ സോണൽ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടികൾ തദ്ദേശീയ പ്രതിഭകളെ ആദരിക്കുന്നതിനും അതുല്യമായ കലാപാരമ്പര്യം ആഘോഷിക്കുന്നതിനും അവസരമൊരുക്കി.
ഗവർണർ അധ്യക്ഷനായ റെഡ് ക്രോസ് സൊസൈറ്റി തദ്ദേശീയർക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്തു. അവരുടെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു. ‘ജൻരാജ്ഭവ’ന്റെ ഭാഗമായി ഗവർണർ പദവിയുടെ ഒന്നാം വാർഷികത്തിൽ തുടക്കം കുറിച്ച ‘ആംനെ സാംനെ’ സംരംഭത്തിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ ഗ്രാമസമ്പർക്ക പരിപാടികളുടെ പുരോഗതിയും ഫലങ്ങളും നിരീക്ഷിക്കുന്നതിനായി രാജ്ഭവനിൽ ഒരു ‘അമർ ഗ്രാം ആക്റ്റിവിറ്റീസ് മോണിറ്ററിംഗ് സെല്ലും’ സ്ഥാപിച്ചിട്ടുണ്ട്.