ADVERTISEMENT

നെയ്യാറ്റിൻകര (തിരുവനന്തപുരം)∙ ഗോപന്‍ സ്വാമിയുടേതു സ്വാഭാവിക മരണമാണെന്ന് ഇപ്പോള്‍ പറയറായിട്ടില്ലെന്നു നെയ്യാറ്റിന്‍കര എസ്എച്ച്ഒ എസ്.ബി.പ്രവീണ്‍. കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് അറിയിച്ചു. രാസപരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷമേ മരണകാരണം കൃത്യമായി പറയാന്‍ കഴിയുകയുള്ളുവെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. തലയില്‍ കണ്ട കരുവാളിച്ച പാടുകള്‍ പരുക്കാണോ എന്നും വിശദമായി പരിശോധിക്കും. അതേസമയം കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

പോസ്റ്റ്മോർട്ടം നടപടികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയായി. ആന്തരികാവയവങ്ങളുടെ സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചു. മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. സമാധി സ്ഥലത്തുവച്ച് ശ്വാസകോശത്തില്‍ ഭസ്മം കടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്. നാളെ വീട്ടുവളപ്പില്‍ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം . ചുറ്റും ഭസ്മവും സുഗന്ധദ്രവ്യങ്ങളുമുണ്ടായിരുന്നു. തിരുവനന്തപുരം സബ് കലക്ടർ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ.

സമാധിയറ പൊളിച്ച് മൃതദേഹം പുറത്തെടുക്കുന്നതുള്‍പ്പെടെ നടപടി ക്രമങ്ങള്‍ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് സബ് കലക്ടര്‍  പറഞ്ഞു. വിശദമായ ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. വീട്ടുകാരുമായി ഞാനും ഡിവൈഎസ്പിയും സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. നിയമപരമായി പൊലീസും ജില്ലാ ഭരണകൂടവും എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നുവെന്നും സബ് കലക്ടര്‍ പറഞ്ഞു.

ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയെന്നും മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തിയ ശേഷം  പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടിയെന്നുമാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലാണ് മൃതദേഹം ഇരുന്നിരുന്നത്. കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലായിരുന്നു. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ് അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തത്. 

സംഘർഷസാധ്യത കണക്കിലെടുത്ത് 2 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം പുലർച്ചെതന്നെ സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ ഭരണകൂടമാണു കാര്യങ്ങൾ ഏകോപിപ്പിച്ചത്. കല്ലറയിലേക്കുള്ള വഴി രാവിലെ തന്നെ അടച്ചു; ഇവിടെ പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. ടാർപോളിൻ ഉപയോഗിച്ച് കല്ലറ മറച്ചതിനു ശേഷമാണു മേൽമൂടി തുറന്നത്. ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.

English Summary:

Neyyattinkara Gopan Samadhi Case:: Controversial Tomb Opening Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com