‘പടയുടെ നടുവിലെ പടനായകൻ’: ചിത്രസേനൻ 25ന് ജോലിക്ക് അപേക്ഷിച്ചു, 24ന് നിയമനം; വിവാദം

Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തി ‘കാവലാള്‍’ പാട്ട് എഴുതിയ പൂവത്തൂര്‍ ചിത്രസേനന്‍ നിയമന വിവാദത്തില്‍. പൊതുഭരണ വകുപ്പിലെ ക്ലറിക്കല്‍ അസിസ്റ്റന്റ് ആയി വിരമിച്ച ചിത്രസേനനു ധനവകുപ്പില്‍ പുനര്‍നിയമനം ലഭിച്ചിരുന്നു. നിയമനം ആവശ്യപ്പെട്ടു ചിത്രസേനന്‍ 2024 ഏപ്രില്‍ 25നാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ സ്‌പെഷല്‍ മെസഞ്ചറായി നിയമനം നല്‍കി ഏപ്രില്‍ 24ന് തന്നെ ഉത്തരവിറക്കി. അപേക്ഷ നല്‍കുന്നതിനു മുന്‍പുതന്നെ ദിവസവേതന നിയമനം നല്‍കിയതാണ് വിവാദമായത്. ഇടതുസംഘടനാ സെക്രട്ടറിയായ ഉദ്യോഗസ്ഥനാണു ഫയല്‍ നീക്കിയത്.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി.ഹണി ആവശ്യപ്പെട്ട പ്രകാരമാണു പാട്ട് എഴുതിയതെന്ന് ചിത്രസേനന്‍ പറഞ്ഞു. വാഴ്ത്തുപാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പാടുന്നത് ഒഴിവാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സെക്രട്ടേറിയറ്റ് എംപ്ലേയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വേദിയിലാണ് 100 വനിതാ ജീവനക്കാര്‍ ചേര്‍ന്നു പാട്ടു പാടിയത്.‘ഫീനിക്‌സ് പക്ഷി’ ആയും ‘പടയുടെ നടുവില്‍ പടനായകൻ’ ആയും മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നതാണു പാട്ട്.
3 വര്‍ഷം മുന്‍പു സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയില്‍ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചതു വിവാദമായിരുന്നു. ‘സമരധീര സാരഥി പിണറായി വിജയന്‍, പടയുടെ നടുവില്‍ പടനായകന്‍’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. ‘ഫീനിക്‌സ് പക്ഷിയായി മാറുവാന്‍ ശക്തമായ ത്യാഗപൂര്‍ണ ജീവിതം വരിച്ചയാളാണു പിണറായി’ എന്നും പാട്ടിലുണ്ട്.
കഴിഞ്ഞ സമ്മേളനകാലത്ത് അഞ്ഞൂറോളം വനിതകള്‍ പാറശാലയില്‍ അവതരിപ്പിച്ച മെഗാ തിരുവാതിരയില്‍ ‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ, എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്’ എന്നിങ്ങനെയായിരുന്നു പാട്ട്. ‘കേരള സിഎം’ എന്ന പേരില്‍ കഴിഞ്ഞവര്‍ഷം പിണറായിയെ സ്തുതിച്ച് ഒരു വിഡിയോ ഗാനവുമിറങ്ങി.
പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ
തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ...
കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ
കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ
ദുരിതപൂര്‍ണ ജീവിതം ഇരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍
ജീവനുള്ള നാള്‍വരെ സുരക്ഷിതത്വമേകിടാന്‍
പദ്ധതികളൊക്കെയും ജനതതിക്കു നല്‍കിയോന്‍...
തുടങ്ങിയവയാണു ‘കാവലാള്‍’ പാട്ടിലെ വരികൾ.