മുംബൈ ∙ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു വീട്ടിൽവച്ച് കുത്തേറ്റു. ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവാണു വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മറ്റു കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. ബഹളംകേട്ടു വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടിപ്പോയതായി പൊലീസ് പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്തെന്നും പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ബാന്ദ്ര പൊലീസ് പറഞ്ഞു. ഒന്നിലേറെ സംഘങ്ങളാണു കേസ് അന്വേഷിക്കുന്നത്. സെയ്ഫിന് എന്തുമാത്രം പരുക്കുണ്ട് എന്നതിനെപ്പറ്റി പൂർണവിവരം ലഭ്യമായിട്ടില്ലെന്നും മുംബൈ ക്രൈംബ്രാഞ്ച് സമാന്തര അന്വേഷണം നടത്തുന്നതായും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

‘‘വീട്ടിൽ അജ്ഞാതനായ ഒരാൾ ആക്രമിച്ചതിനെ തുടർന്നു പുലർച്ചെ മൂന്നരയോടെയാണു സെയ്ഫിനെ ആശുപത്രിയിൽ കൊണ്ടുവന്നത്. 6 മുറിവുകളുണ്ട്. ഇതിൽ രണ്ടെണ്ണം ഗുരുതരമാണ്. നട്ടെല്ലിന് അടുത്തായി ഒന്നിലധികം പരുക്കുകളുണ്ട്. കഴുത്തിലും കുത്തേറ്റു. അഞ്ചരയോടെ തുടങ്ങിയ ശസ്ത്രക്രിയ തുടരുകയാണ്. ന്യൂറോസർജൻ, കോസ്മെറ്റിക് സർജൻ എന്നിവരുടെ സംഘമാണു ശസ്ത്രക്രിയ നടത്തുന്നത്. ഇതിനുശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ’’– നടൻ ചികിത്സയിലുള്ള ലീലാവതി ആശുപത്രി സിഒഒ ഡോ.നീരജ് ഉറ്റാമനി പറഞ്ഞു.

2012ൽ വിവാഹിതരായ കരീന കപൂറും സെയ്ഫും മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരൺ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂർ (8), ജെഹ് (4) എന്നിവരാണു കൂടെയുള്ളത്. 1993ൽ പരമ്പര എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സെയ്ഫ് അലി ഖാൻ പട്ടൗഡി കുടുംബാംഗമാണ്. നടി ശർമിള ടഗോറിന്റെയും ക്രിക്കറ്റ് താരം മൻസൂർ അലി ഖാന്റെയും മകനാണ്.
 

English Summary:

Saif Ali Khan Stabbing News: Bollywood actor Saif Ali Khan was seriously injured after a robbery and stabbing at his Mumbai home. He is currently recovering after undergoing emergency surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com