എട്ടാം ശമ്പള കമ്മിഷന് കേന്ദ്ര അനുമതി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 40,000 ആയി ഉയർന്നേക്കും

Mail This Article
ന്യൂഡല്‍ഹി ∙ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എട്ടാം ശമ്പള കമ്മിഷന് രൂപവത്കരിക്കാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭായോഗം. കേന്ദ്ര ജീവനക്കാരുടെ നിലവിലുള്ള കുറഞ്ഞ അടിസ്ഥാന ശമ്പളം 18000 രൂപ എന്നത് 40,000 രൂപ കടന്നേക്കും. 50,000 രൂപ വരെയാകാനും സാധ്യതയുണ്ട്. ശമ്പളവും പെന്‍ഷനും നിർണയിക്കാന്‍ ഉപയോഗിക്കുന്ന ഗുണിതമായ ഫിറ്റ്മെന്റ് ഫാക്ടര്‍ 2.57 ആയിരുന്നത് ഏറിയാല്‍ 2.86 വരെ ആകാം. ഇത് 2.86 ആക്കി നിശ്ചയിച്ചാല്‍ ഇപ്പോഴത്തെ 18,000 രൂപ എന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം 51,480 രൂപയായി ഉയരും.
ആറാം ശമ്പള കമ്മിഷനില്‍ 7000 രൂപയായിരുന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം ഏഴാം കമ്മിഷനിലെ 2.57 ഫിറ്റ്മെന്റ് ഫാക്ടറില്‍ 18,000 ആയി ഉയര്‍ന്നിരുന്നു. എട്ടാം ശമ്പള കമ്മിഷന് പ്രാബല്യത്തില്‍ വരുമ്പോള്‍ വിവിധ അലവന്‍സുകളിലും മാറ്റങ്ങള്‍ വരും. പത്തുവര്‍ഷത്തിലൊരിക്കലാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നത്. 2016 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന ഏഴാം ശമ്പള കമ്മിഷന് നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇപ്പോള്‍ നിലവിലുള്ള ശമ്പള ഘടന.