ഉറ്റവർ പൊലിഞ്ഞത് കൺമുന്നിൽ; അലറിക്കരഞ്ഞ് കുഞ്ഞുമക്കൾ, കൊലയ്ക്ക് ശേഷം ബൈക്കിൽ കറങ്ങി സിഗരറ്റ് വാങ്ങി പ്രതി

Mail This Article
കൊച്ചി ∙ ചേന്ദമംഗലം പേരേപ്പാടത്തെ കാട്ടിപ്പറമ്പിൽ വീട്ടിലേക്ക് അന്ത്യയാത്രയ്ക്കായി പോലും അവരെത്തിയില്ല. മൂന്നുപേരുടെ കൂട്ടക്കൊല നടന്ന വീട് തെളിവെടുപ്പിനും മറ്റുമായി പൊലീസ് ബന്തവസ് ചെയ്തിരിക്കുകയാണ്. അതിനാൽ മരിച്ച ഉഷയുടെ സഹോദരിയുടെ കരിമ്പടത്തുള്ള വീട്ടിലാണ് മൂന്നുപേരെയും പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് അന്ത്യയാത്രയ്ക്കായി എത്തിച്ചത്. അതിനു ശേഷം അഞ്ചരയോടെ ഓച്ചന്തുരുത്തിലെ പൊതുശ്മശാനത്തിൽ അന്ത്യവിശ്രമം. കൺമുന്നിൽ കണ്ട ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് പുറത്തുവരാതെ അലറിക്കരഞ്ഞു കൊണ്ടിരുന്ന വിനീഷയുടെയും ജിതിന്റെയും കുഞ്ഞുമക്കളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കരച്ചിലടക്കാനായില്ല.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരെ അയൽവാസിയായ ഋതു ജയൻ എന്ന 28കാരൻ വീട്ടിൽക്കയറി അടിച്ചുകൊന്നത്. വിനീഷയുടെ ഭർത്താവ് ജിതിന്‍ ഗുരുതരമായി പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പറവൂർ കോടതിയിലെത്തിച്ചപ്പോൾ പ്രതി ഋതുവിനെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. നാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയേക്കും. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും അക്രമം നടത്തിയ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ല എന്നുമാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത് എന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന മുനമ്പം ഡിവൈഎസ്‌പി എസ്. ജയകൃഷ്ണൻ പറഞ്ഞു. കുറ്റം സമ്മതിച്ച പ്രതിയെ ഇതിനു പ്രേരിപ്പിച്ച ഘടകം എന്താണെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിനു ശേഷം ജിതിന്റെ ബൈക്കുമായി പുറത്തു വന്ന പ്രതി സിഗരറ്റ് വാങ്ങി കത്തിച്ച ശേഷം വാഹനത്തിൽ കയറാൻ തുടങ്ങുമ്പോഴാണ് പൊലീസ് സ്ഥലത്തെത്തുന്നതും പിടികൂടുന്നതും.
മനഃസാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു കരിമ്പാടത്തെ വീടിനു മുന്നിൽ മുന്നു മൃതദേഹങ്ങളും കിടത്തിയപ്പോഴുണ്ടായിരുന്നത്. വിനീഷയുടെയും ജിതിന്റെയും കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ പാടുപെട്ടു. ഇവർ താമസിച്ചിരുന്ന അക്രമം നടന്ന വീട്ടിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയായിരുന്നു മൃതദേഹം കൊണ്ടുവന്ന വീട്. ഇവിടേക്കാണ് വി.ഡി.സതീശൻ അടക്കം നാടു മുഴുവൻ മൂന്നു പേരെയും കാണാനെത്തിയത്.
അരക്ഷിതാവസ്ഥ, പൊലീസിന് അറിയാമായിരുന്നു : വി.ഡി. സതീശൻ
വലിയ അരക്ഷിതാവസ്ഥയാണ് ക്രൂരമായ കൊലപാതകം പ്രദേശത്ത് ഉണ്ടാക്കിയിരിക്കുന്നതെന്ന് വി.ഡി.സതീശൻ പറഞ്ഞു. ആർക്കും സുരക്ഷിതത്വബോധം തോന്നുന്നില്ല. ആർക്കും ആരുടെയും വീട്ടിൽക്കയറി ഇത്തരത്തിൽ അക്രമം നടത്താമെന്ന സ്ഥിതിയായോ. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് വേണം അന്വേഷിക്കാൻ. താനടക്കമുള്ള ജനപ്രതിനിധികൾക്ക് പ്രതി ഈ വീട്ടുകാരെ നിരന്തരം ഉപദ്രവിക്കുന്നത് അറിയാമായിരുന്നില്ല. എന്നാൽ പൊലീസിന് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ എന്താണ് ഇത്തരമൊരു ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് അവർ അന്വേഷിക്കട്ടെ എന്നും സതീശൻ പറഞ്ഞു.
ആശുപത്രിയിൽ കഴിയുന്ന ജിതിന് ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കണമെന്ന് താൻ ആശുപത്രിയുമായി ബന്ധപ്പെട്ട് നിർേദശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സാ ചെലവ് ഒരു പ്രശ്നമാകില്ല. സർക്കാരിന്റെ സഹായം ലഭ്യമാകുമോ എന്നു നോക്കും. ലഭിക്കും എന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ മറ്റു സംവിധാനങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിനീഷയുടെയും ജിതിന്റെയും രണ്ടു പെൺകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ കാര്യമടക്കം തങ്ങൾ ശ്രദ്ധിക്കും. സ്വന്തം അമ്മയും അച്ഛനും മുത്തശ്ശനും മുത്തശ്ശിയും അടിയേറ്റ് വീഴുന്നതു കണ്ട അവർക്ക് കൗൺസലിങ് സൗകര്യങ്ങളും ഒരുക്കുമെന്ന് സതീശൻ പറഞ്ഞു.