അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസ്; പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 14 വർഷം തടവുശിക്ഷ

Mail This Article
ലഹോർ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അഴിമതിക്കേസിൽ 14 വർഷം തടവുശിക്ഷ. ഇമ്രാന്റെ ഭാര്യ ബുഷറ ബീബിക്ക് ഏഴു വർഷം തടവും അഴിമതി വിരുദ്ധ കോടതി വിധിച്ചിട്ടുണ്ട്. ഇമ്രാൻ 10 ലക്ഷം പാക്കിസ്ഥാൻ രൂപയും ബുഷറ 5 ലക്ഷം രൂപയും പിഴയും ഒടുക്കണം.
ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കെ, ബഹ്‌റിയ ടൗൺ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമ മാലിക് റിയാസ് 190 ദശലക്ഷം പൗണ്ടുമായി (ഏകദേശം 6000 കോടി പാക്കിസ്ഥാൻ രൂപ) ലണ്ടനിൽ പിടിയിലായിരുന്നു. യുകെ അധികൃതർ തുക പാക്കിസ്ഥാനു കൈമാറേണ്ടിയിരുന്നതാണെങ്കിലും തിരികെ റിയാസിനു തന്നെ നൽകാൻ ഇമ്രാൻ അനുവദിച്ചതായി നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) ആരോപിക്കുന്നു. പ്രത്യുപകാരമായി അൽ ഖാദിർ ട്രസ്റ്റിനു രണ്ടിടത്തായി 600–700 കോടി രൂപ വിലമതിക്കുന്ന 35 ഹെക്ടർ ഭൂമി റിയാസ് നൽകിയെന്നാണു കേസ്. ഇമ്രാന്റെ ഭാര്യ ബുഷറ ബീവിയുടെയും സുഹൃത്തിന്റെയും പേരിലുള്ളതാണ് ട്രസ്റ്റ്.
2023 ഓഗസ്റ്റു മുതൽ ഇമ്രാൻ ജയിലിൽ കഴിയുകയാണ്. ഇമ്രാനെതിരെ നൂറിലേറെ കേസുകളാണ് നിലവിലുള്ളത്.