ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്നു നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകള്‍ കുറഞ്ഞതും പ്രതിസന്ധിയായി. വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ടൗണ്‍ഷിപ് നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും നിയമസഭയില്‍ ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിൽ ഗവർണറായി ചുമതലയേറ്റ ശേഷമുള്ള അർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ്.

‘‘നവകേരള നിര്‍മാണത്തിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നവകേരളം എന്ന ലക്ഷ്യത്തിലേക്കാണു സർക്കാർ മുന്നേറുന്നത്. ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണു ലക്ഷ്യം. വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണ്. പാഠപുസ്തക പരിഷ്‌കരണ സമിതിയില്‍ വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മാർജനം തുടങ്ങിയവയ്ക്കാണു മുന്‍ഗണന. സാമൂഹിക സുരക്ഷ ശക്തമാണ്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ പുനരധിവാസം സര്‍ക്കാരിന്റെ കടമയാണ്. ഒരു വര്‍ഷത്തിനകം ടൗണ്‍ഷിപ് നിർമിക്കും.

10 വര്‍ഷത്തിനിടെ സംസ്ഥാനം വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായി. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കേന്ദ്രസഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും. 64004 അതിദരിദ്രരെ കണ്ടെത്തി. ഇവരുടെ പ്രശ്‌നം പരിഹരിക്കാന്‍ നടപടി തുടങ്ങി. ദേശീയപാത വികസനം പുരോഗമിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സംസ്ഥാനം വന്‍ പുരോഗതി നേടി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടം എടുത്തു പറയേണ്ടതാണ്’’– ഗവര്‍ണര്‍ വ്യക്തമാക്കി.

രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നിയമസഭയിലേക്ക് ആനയിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിനാണു തുടക്കമായത്. മാര്‍ച്ച് 28 വരെ ആകെ 27 ദിവസം സഭ ചേരും.

English Summary:

Kerala Assembly session Updates: Governor Arlekar's policy address kicked off the thirteenth session of Kerala's fifteenth Legislative Assembly in Thiruvananthapuram.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com