റോഡ് കയ്യേറി സ്റ്റേജ് കെട്ടി ഗതാഗത തടസ്സം: നടപടികൾക്കായി സ്ഥിരം സംവിധാനം വേണമെന്ന് ഹൈക്കോടതി

Mail This Article
കൊച്ചി ∙ റോഡ് കയ്യേറി സ്റ്റേജ് കെട്ടി ഗതാഗത തടസ്സമുണ്ടാക്കുന്ന സംഭവങ്ങളിൽ നടപടിക്കായി സ്ഥിരം സംവിധാനമുണ്ടാകണമെന്നു ഹൈക്കോടതി. ഓരോ റാലിക്കും ശേഷം കോടതിയലക്ഷ്യ നടപടി എടുക്കാനാവില്ലെന്നും ഇതു നോക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. തിരുവനന്തപുരം ബാലരാമപുരം ജംക്‌ഷനിൽ റോഡ് കയ്യേറി സ്റ്റേജ് കെട്ടി ഗതാഗത തടസ്സമുണ്ടാക്കിയെന്ന് കാട്ടി ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിങ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സർക്കാരിനോട് മറുപടി സമർപ്പിക്കാൻ നിർദേശിച്ച കോടതി, കേസ് ഫെബ്രുവരി ഏഴിലേക്ക് മാറ്റി. ഇത്തരം സംഭവങ്ങൾ പരിഗണിക്കാൻ ഒരു സംവിധാനമുണ്ടാകണം. ഇതു സംബന്ധിച്ച് കോടതി കൃത്യമായ മാർഗനിർദേശം നൽകിയിട്ടുണ്ട്. അതല്ലാതെ ഓരോ റാലിയും കഴിയുമ്പോൾ കോടതിയലക്ഷ്യ നടപടി പരിഗണിക്കാൻ കഴിയില്ല. കോടതിയലക്ഷ്യ നടപടിയല്ല ഇതിനു പ്രതിവിധി. ഇക്കാര്യത്തിൽ സംവിധാനമുണ്ടാകണം. അതു നിങ്ങളുടെ ഉത്തരവാദിത്തമാണ്– കോടതി വ്യക്തമാക്കി.
ഈ മാസം ആദ്യമാണു തിരക്കേറിയ റോഡ് കയ്യേറി സ്റ്റേജ് കെട്ടി ‘ജ്വാല വനിത ജംക്‌ഷൻ’ എന്ന പരിപാടി നടത്തിയത്. തിരുവനന്തപുരം റൂറൽ എസ്പി കിരൺ നാരായൺ ആയിരുന്നു ഉദ്ഘാടകൻ. വഞ്ചിയൂരിൽ സിപിഎം ഏരിയ സമ്മേളനത്തിനു റോഡ് അടച്ചുകെട്ടിയതും സെക്രട്ടറിയേറ്റിനു മുന്നിൽ നടപ്പാത തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതുമടക്കമുള്ള വിഷയങ്ങളിൽ കോടതി നിശിതവിമർശനം നടത്തിയതിനു പിന്നാലെയായിരുന്നു ബാലരാമപുരത്ത് ഇത്തരത്തിൽ പരിപാടി നടന്നത്.