‘കുടിച്ച് തിമിർത്ത്’ പൊങ്കൽ ആഘോഷം, വിറ്റത് 454 കോടിയുടെ മദ്യം; കാളയുടെ ആക്രമണത്തിൽ 6 മരണം

Mail This Article
ചെന്നൈ ∙ പൊങ്കലിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിലെ ടാസ്മാക് മദ്യക്കടകൾ വഴി വിറ്റഴിച്ചത് 454.11 കോടി രൂപയുടെ മദ്യം. 450 കോടിയുടെ മദ്യവിൽപനയായിരുന്നു കഴിഞ്ഞ വർഷം. ബോഗി പൊങ്കൽ ദിനമായ 13ന് 185.65 കോടിയുടെ മദ്യവും തൈപ്പൊങ്കൽ ദിനമായ 14ന് 268.46 കോടിയുടെ മദ്യവുമാണു വിറ്റത്.
അതിനിടെ ജല്ലിക്കെട്ട്, മഞ്ചുവിരട്ട് മത്സരങ്ങൾക്കിടെ കാളയുടെ ആക്രമണത്തിൽ 6 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരുക്കേറ്റു. ഇന്നലെ മധുര അളങ്കാനല്ലൂരിൽ നടന്ന ജല്ലിക്കെട്ടിൽ തേനി സ്വദേശി മരിച്ചു. വീരന്മാർക്കു (കാളയെ പിടികൂടുന്നവർ) പിടികൊടുക്കാതെ പാഞ്ഞ കാള ആൾക്കൂട്ടത്തിലേക്കു പാഞ്ഞുകയറി മറ്റൊരു തേനി സ്വദേശിക്കു ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ ദിവസം പാലമേട് ജല്ലിക്കെട്ടിൽ നെഞ്ചിൽ കുത്തേറ്റ് മധുര സ്വദേശിക്കു ജീവൻ നഷ്ടമായിരുന്നു.
ശിവഗംഗയിൽ ഇന്നലെ നടന്ന മഞ്ചുവിരട്ടിനിടെ 4 പേർ മരിച്ചു. 106 പേർക്ക് പരുക്കേറ്റു. കുളത്തിലേക്കു പാഞ്ഞ കാളയെ പിടിക്കാനുള്ള ശ്രമത്തിനിടെ താമര വള്ളി കഴുത്തിൽ കുരുങ്ങി ഉടമ രാജ മരിച്ചു. മത്സരം കാണുന്നതിനിടെ ഇരച്ചെത്തിയ കാളയുടെ കുത്തേറ്റ് സുബ്ബയ്യ, കുളന്തവേൽ എന്നിവരും നടന്നു പോകുകയായിരുന്ന മണിവേലും മരിച്ചു. ജല്ലിക്കെട്ടിൽനിന്നു വ്യത്യസ്തമായി, കാളയെ ജനക്കൂട്ടത്തിലേക്ക് അഴിച്ചുവിടുന്ന മത്സരമാണ് മഞ്ചുവിരട്ട്.