‘സെയ്ഫ് അലി ഖാന്റെ വീടിനു മുന്നിലെത്തിയത് സ്ത്രീയുടെ നിലവിളി കേട്ട്; രക്തത്തിൽ കുളിച്ച് ഓട്ടോയിൽ കയറിയ ആളെ മനസിലായില്ല’

Mail This Article
മുംബൈ ∙ സഹായം അഭ്യർഥിച്ചുള്ള ഒരു സ്ത്രീയുടെ നിലവിളി കേട്ടാണ് സെയ്ഫ് അലി ഖാന്റെ വീടിനു മുന്നിലേക്ക് താന്‍ എത്തിയതെന്ന് താരത്തെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ ഭജന്‍ സിങ് റാണ. കുത്തേറ്റത് സെയ്ഫ് അലി ഖാനെ ആണെന്ന് ആദ്യം മനസിലായില്ല. അദ്ദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ആശുപത്രിയില്‍ എത്താന്‍ എത്ര സമയം എടുക്കും എന്നായിരുന്നു ഓട്ടോയില്‍ കയറിയ ശേഷം സെയ്ഫ് ചോദിച്ചത്. രക്തം പുരണ്ട് അദ്ദേഹത്തിന്റെ വെള്ള കുര്‍ത്ത ചുവന്ന നിറമായി മാറിയിരുന്നുവെന്നും ഭജന്‍ സിങ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
സെയ്ഫിന്റെ വീടിന്റെ ഗേറ്റിന്റെ ഭാഗത്ത് നിന്ന് സഹായം അഭ്യർഥിച്ചു കൊണ്ട് ഒരു സ്ത്രീ അലറിക്കരയുകയായിരുന്നു. വളരെ പെട്ടെന്നു തന്നെ താന്‍ അവിടേക്ക് എത്തി. ഈ സമയം സെയ്ഫ് ഓട്ടോയുടെ അടുത്തേക്ക് നടന്നെത്തി. അദ്ദേഹത്തിനൊപ്പം ഒരു കൊച്ചു കുട്ടിയും മറ്റൊരാളും ഉണ്ടായിരുന്നു. എട്ടോ പത്തോ മിനിറ്റിനുള്ളില്‍ സെയ്ഫിനെ താന്‍ ആശുപത്രിയില്‍ എത്തിച്ചു. സെയ്ഫിന്റെ കഴുത്തില്‍ നിന്നും പിന്‍ ഭാഗത്ത് നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. താരത്തെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണമെന്നായിരുന്നു തനിക്ക്. അവര്‍ പണം നല്‍കിയിട്ട് താന്‍ വാങ്ങിയില്ലെന്നും ഭജന്‍ സിങ് പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ ആക്രമണമുണ്ടായത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരിയാണ് ആദ്യം ഉണര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് എത്തുകയും അക്രമിയെ കാണുകയുമായിരുന്നു. പ്രതിരോധിക്കുന്നതിനിടെ ഇവരുടെ നിലവിളി കേട്ടാണ് സെയ്ഫ് അലി ഖാന്‍ അവിടേയ്ക്ക് എത്തുന്നത്. തുടർന്ന് അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെ സെയ്ഫിന് കുത്തേൽക്കുകയായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസമാകാറായിട്ടും പ്രതി ഇപ്പോഴും കാണാമറയത്താണ്. ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും അയാൾക്ക് സംഭവവുമായി ബന്ധമില്ലെന്നു വ്യക്തമായതോടെ വിട്ടയച്ചു.