സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; കസ്റ്റഡിയിലെടുത്തയാൾ നിരപരാധി, പ്രതിയെ പിടികൂടാനാകാതെ ബാന്ദ്ര പൊലീസ്

Mail This Article
മുംബൈ∙ നടൻ സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത ആൾക്ക് കേസുമായി ബന്ധമില്ലെന്ന് ബാന്ദ്ര പൊലീസ്. സിസിടിവി ദൃശ്യവുമായി സാമ്യമുള്ളതിനാലാണ് ഇയാളെ ചോദ്യം ചെയ്തതെന്നും പൊലീസ് വിശദീകരിച്ചു. എന്നാൽ ഇയാൾ പ്രതിയെന്ന തരത്തിലാണ് പൊലീസ് നേരത്തെ സൂചന നൽകിയത്.
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്‌മെന്‍റില്‍ അതിക്രമിച്ച് കയറിയാള്‍ മാരകമായി കുത്തി പരുക്കേൽപ്പിച്ചത്. നട്ടെല്ലിൽ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്.
പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടെങ്കിലും ഇതുവരെ ഇയാളെ പിടികൂടാനാവാത്തത് രാഷ്ട്രീയ വിവാദങ്ങൾക്കു വഴിവയ്ക്കുന്നുണ്ട്. മുംബൈയിലെ ഏറ്റവും സുരക്ഷിതമായ പാർപ്പിട മേഖലകളിലൊന്നിലെ സുരക്ഷ പ്രശ്നം വലിയ ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആരോപണമായി സെയ്ഫിനെതിരായ ആക്രമണത്തെ പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നുണ്ട്.