‘കേസ് സിപിഎം വേട്ടയാടലിന്റെ ഭാഗം, പൊതുപരിപാടികളിൽ പങ്കെടുക്കും; ഏത് അന്വേഷണത്തോടും സഹകരിക്കും’

Mail This Article
കൽപറ്റ∙ സിപിഎം ഏറെ നാളായി നടത്തിവരുന്ന വേട്ടയാടലിന്റെ ഭാഗമായാണ് തനിക്കെതിരെ കേെസടുത്തതെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ. ആത്മഹത്യ പ്രേരണ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ മനോരമ ഓൺലൈനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയിൽ പൊതുപരിപാടികളിൽ പങ്കെടുക്കും. പങ്കെടുപ്പിക്കില്ല എന്ന് പറയാൻ എൽഡിഎഫിന് അധികാരമില്ല.
പ്രശ്നമുണ്ടാക്കേണ്ട എന്നു കരുതിയാണ് പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്നത്. ജനപ്രതിനിധി എന്ന നിലയ്ക്ക് ഒളിച്ചോടാൻ സാധിക്കില്ല. ജാമ്യം അനുവദിച്ച കോടതിയോട് നന്ദി പറയുന്നു. നിഷ്പക്ഷമായ ഏതന്വേഷണത്തോടും സഹകരിക്കും. ഏതന്വേഷണ ഉദ്യോഗസ്ഥനു മുന്നിലും ഹാജരാകും. സിപിഎമ്മിന്റെ രാഷ്ര്ടീയ താൽപര്യം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനും മുൻകൂർ ജാമ്യം ലഭിച്ചതോടെ ജീവൻ തിരികെ ലഭിച്ച അവസ്ഥയിലാണ് വയനാട്ടിലെ കോൺഗ്രസ്. വയനാട്ടിലെ രണ്ടു പ്രമുഖ നേതാക്കൾ കേസിൽ പ്രതികളായതോടെ ജില്ലയിൽ കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥയായിരുന്നു. ഈ മാസം ഒമ്പതിന് കേസെടുത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയി.
എന്നാൽ ഒളിവിലല്ലെന്നും കർണാടകയിൽ സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതാണെന്നുമാണ് വിഡിയോ സന്ദേശത്തിലൂടെ എംഎൽഎ അറിയിച്ചത്. മണ്ഡലത്തിലെ പുൽപള്ളിയിൽ കടുവ ഇറങ്ങി വലിയ പ്രശ്നം നേരിട്ടപ്പോഴും എംഎൽഎ സ്ഥലത്തെത്തിയില്ല. എന്നാൽ ഇന്നലെ നിയമസഭയിൽ എത്തി. മുൻകൂർജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ അറസ്റ്റ് പാടിലെന്ന് കോടതി നിർദേശമുണ്ടായിരുന്നെങ്കിലും എംഎൽഎ മണ്ഡലത്തിലെത്തിയില്ല.
എൻ.എം.വിജയന്റെ മരണം സിപിഎം രാഷ്ട്രീയ പോരാട്ടമാക്കി മാറ്റിയതിനിടെയാണ് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം ലഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൻ.എം.വിജയന്റെ കുടുംബത്തെ സന്ദർശിച്ച്, ആവശ്യമെങ്കിൽ കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുക്കമെന്ന് വ്യക്തമാക്കിയിരുന്നു. എംഎൽഎ ഓഫിസിലേക്ക് മാർച്ച് നടത്തിയ സിപിഎം ഓഫിസിന്റെ ചില്ലുകൾ അടിച്ചു തകർത്തു. എല്ലാ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലും ജില്ലയിലെല്ലായിടത്തും ഐ.സി.ബാലകൃഷ്ണൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തി. ഡിവൈഎഫ്ഐ ബത്തേരിയിൽ നടത്തിയ രാപ്പകൽ സമരം ശനിയാഴ്ച രാവിലെയാണ് അവസാനിച്ചത്. ഇങ്ങനെ ഐ.സി.ബാലകൃഷ്ണനെതിരെ വൻ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കെല്ലാം ആശ്വാസം നൽകി വിധി വന്നത്.
തീർത്തും രാഷ്ട്രീയപ്രേരിതമായ കേസാണെന്ന് ഐ.സി.ബാലകൃഷ്ണന്റെ അഭിഭാഷകൻ ടി.എം.റഷീദ് പറഞ്ഞു. യാതൊരു തെളിവുമില്ലാതെയാണ് പൊലീസ് കേസെടുത്തത്. അക്കാര്യം കോടതിക്ക് ബോധ്യപ്പെട്ടു. കൃത്യമായ ഗൂഢാലോചന നടന്നു. എൻ.എം.വിജയന്റെ മരണവുമായി എംഎൽഎയ്ക്ക് യാതൊരു ബന്ധവുമില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎൽഎക്കും ഡിസിസി പ്രസിഡന്റിനുമെതിരെ ഗുരുതര ആരോപണം ഉയർന്നത് ജില്ലയിലെ കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. സിപിഎം സമരത്തെ പ്രതിരോധിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിലായി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറുപടി പറയണമെന്ന് വരെ ആവശ്യം ഉയർന്നു. ജാമ്യം കിട്ടിയതോടെ സിപിഎം പ്രചാരണത്തെ ശക്തമായി നേരിടുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. അതേ സമയം, ആരോപണം നേരിടുന്ന എംഎൽഎ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരവുമായി മുന്നോട്ടുപോകാനാണ് സിപിഎം തീരുമാനം.