ADVERTISEMENT

തിരുവനന്തപുരം ∙ മന്ത്രി കെ.ബി. ഗണേഷ് കുമാറും സഹോദരി ഉഷാ മോഹൻദാസും തമ്മിലുണ്ടായിരുന്ന സ്വത്തു തർക്ക കേസിൽ നിർണായക വഴിത്തിരിവ്. പിതാവ് ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ, സ്വത്തുക്കൾ കെ.ബി. ഗണേഷ് കുമാറിന്റെ പേരിൽ നൽകിയിരുന്നു. ഈ വിൽപത്രത്തിലെ ആർ. ബാലകൃഷ്ണപിള്ളയുടെ ഒപ്പുകൾ വ്യാജമാണെന്ന സഹോദരി ഉഷാ മോഹൻദാസിന്റെ വാദം തെറ്റാണെന്ന് കണ്ടെത്തി ഫൊറൻസിക് റിപ്പോർട്ട്. വിൽപത്രത്തിലെ ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് സ്ഥിരീകിരച്ച് ഫൊറൻസിക് റിപ്പോർട്ട് പുറത്തുവന്നു. 

കൊട്ടാരക്കര മുൻസിഫ് കോടതി വിൽപത്രത്തിലെ ഒപ്പുകൾ ഫൊറൻസിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകിയിരുന്നു. ഇന്നലെ ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട് കോടതിയിൽ നൽകി. ഈ ഒപ്പുകളെല്ലാം ആർ. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തൽ. ഇതോടെ കേസിൽ കെ.ബി.ഗണേഷ്കുമാറിന്റെ നിലപാടിന് അനുകൂലമാണ് കണ്ടെത്തൽ. ഈ തർക്കത്തിന്റെ പേരിലാണ് ആദ്യ രണ്ടര വർഷം മന്ത്രി സ്ഥാനത്തു നിന്ന് കെ.ബി.ഗണേഷ്കുമാറിനെ മാറ്റി നിർത്തിയത്. മുഖ്യമന്ത്രിയ്ക്ക് ഉഷാ മോഹൻദാസ് പരാതി നൽകിയതിനെ തുടർന്നാണ് മന്ത്രി സ്ഥാനം നൽകാൻ മുഖ്യമന്ത്രിയും ആദ്യം മടിച്ചത്. പിന്നീട് ഘടകകക്ഷികളുടെ ധാരണപാലിക്കാൻ ഇടതുമുന്നണി തയാറായപ്പോഴാണ് രണ്ടര വർഷം കഴിഞ്ഞ് മന്ത്രി സ്ഥാനം ഗണേഷ്കുമാറിനു ലഭിച്ചത്.

ആർ.ബാലകൃഷ്ണപിള്ള അസുഖബാധിതനായി അവശനിലയിൽ കഴിഞ്ഞപ്പോൾ വാളകത്ത് വീട്ടിൽ പുർണസമയവും പരിചരിച്ചത് കെ.ബി.ഗണേഷ്കുമാറായിരുന്നു. എന്നാൽ അസുഖബാധിതനാകുമ്പോൾ ആദ്യഘട്ടത്തിൽ തന്നെ പിളള വിൽപത്രം തയാറാക്കിയിരുന്നു. ഇത് ആർ. ബാലകൃഷ്ണപിളളയുടെ കാര്യസ്ഥനുമാത്രം അറിയാവുന്ന കാര്യമായിരുന്നു. മരണശേഷം വിൽപത്രം പുറത്തെടുത്തപ്പോൾ സ്വത്തുകൾ കൂടുതൽ ഗണേഷിനെന്നു കണ്ടതോടെയാണ് തർക്കം ഉടലെടുത്തത്. വിൽപത്രം പിതാവിന് ബോധമില്ലാത്ത സമയത്തുണ്ടാക്കിയതാണ് എന്നായിരുന്നു ആരോപണം. സ്വത്തു വീതം വയ്പു നടത്തി സമവായത്തിനൊക്കെ ശ്രമം നടന്നെങ്കിലും വ്യാജ ആരോപണം തെളിയിക്കണമെന്ന നിലപാടിലായിരുന്നു ഗണേഷ് കുമാർ. സഹോദരി ഉഷാ മോഹൻദാസാണ് കോടതിയെ സമീപിച്ചത്.

ആർ. ബാലകൃഷ്ണപിള്ള നേരത്തെ ബാങ്കിടപാടുകളിൽ നടത്തിയ ഒപ്പുകൾ, കേരള മുന്നോക്ക ക്ഷേമ കോർപറേഷനിൽ ചെയർമാൻ ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകൾ, തിരഞ്ഞെടുപ്പുകൾക്ക് നോമിനേഷൻ നൽകിയപ്പോഴുള്ള ഒപ്പുകൾ എന്നിവ ഫൊറൻസിക് സംഘം പരിശോധിച്ചു. ഇതിനു ശേഷമാണ് വിൽപത്രത്തിലെ ഒപ്പും എല്ലാം ഒന്നാണെന്ന് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്.

English Summary:

Forensic report confirms R. Balakrishna Pillai's signature on his will, favoring K.B. Ganesh Kumar in his property dispute with sister Usha Mohandas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com