‘ആരോപണങ്ങൾ തെറ്റെന്ന് കാലം തെളിയിച്ചു; ആരോടും വിരോധം ഇല്ല’; വിൽപത്രക്കേസിൽ ഗണേഷ് കുമാർ

Mail This Article
തിരുവനന്തപുരം∙ സത്യം തെളിയുന്നതിൽ ഒത്തിരി സന്തോഷമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഗണേഷ്കുമാറും സഹോദരി ഉഷാ മോഹൻദാസും തമ്മിലുണ്ടായിരുന്ന സ്വത്തുതർക്ക കേസിൽ ഫൊറൻസിക് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഫെയ്സ്ബുക്കിലൂടെ ഗണേഷിന്റെ പ്രതികരണം. തന്നെ കുറിച്ചു വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷമെന്നും ഗണേഷ് കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.
പിതാവ് ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ സ്വത്തുക്കൾ കെ.ബി. ഗണേഷ്കുമാറിന്റെ പേരിൽ നൽകിയിരുന്നു. ഈ വിൽപത്രത്തിലെ ആർ.ബാലകൃഷ്ണപിള്ളയുടെ ഒപ്പുകൾ വ്യാജമാണെന്നായിരുന്നു സഹോദരി ഉഷാ മോഹൻദാസ് കോടതിയിൽ വാദിച്ചത്. കൊട്ടാരക്കര മുൻസിഫ് കോടതി വിൽപത്രത്തിലെ ഒപ്പുകൾ ഫൊറൻസിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകിയിരുന്നു. ഇന്നലെ ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട് കോടതിയിൽ നൽകി. ഈ ഒപ്പുകളെല്ലാം ആർ. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തൽ. ഇതോടെ കേസിൽ കെ.ബി. ഗണേഷ്കുമാറിന്റെ നിലപാടിന് അനുകൂലമാണ് കണ്ടെത്തൽ.
ഗണേഷ് കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സത്യം തെളിയുന്നതിൽ ഒത്തിരി സന്തോഷം...
എനിക്ക് ആരോടും ഒരു വിരോധവും ഇല്ല...
സത്യം ഇപ്പോഴും മറഞ്ഞിരിക്കും
അതു കുറച്ചു ദിവസം കഴിഞ്ഞേ പുറത്തുവരൂ
കള്ളം പറയുന്നതായിരിക്കും ആദ്യം ഉയർന്നു കേൾക്കുന്നത്...
ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക തന്നെ ചെയ്യും.
എന്നെ കുറിച്ച് വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷം.