നബീസ വധക്കേസ് മറ്റൊരു ‘കൂടത്തായി’, ഭർതൃപിതാവിനെ കൊല്ലാനും ഫസീലയുടെ ശ്രമം; കോടതിയിൽ പൊട്ടിക്കരഞ്ഞു

Mail This Article
പാലക്കാട്∙ കൂടത്തായി കേസിന് സമാനതയുള്ളതാണ് പാലക്കാട് നബീസ വധക്കേസെന്ന് വിലയിരുത്തി അന്വേഷണസംഘം. ഫസീല കുറ്റം ചെയ്ത രീതിയാണ് കൂടത്തായി കേസുമായി പൊലീസ് ഇതിനെ താരതമ്യം ചെയ്യുന്നത്. നേരത്തെ ഭർത്താവിന്റെ പിതാവ് മുഹമ്മദിന് രണ്ടു വർഷത്തോളം വിഷപദാർഥം ചെറിയ അളവിൽ നൽകി കൊലപ്പെടുത്താൻ ഫസീല ശ്രമിച്ചിരുന്നു. ഈ കേസിൽ ഇവർ ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഭർത്താവിന്റെ മാതാവിന്റെ മരണത്തിലും ഫസീലയ്ക്ക് പങ്കുണ്ടെന്നും ഇക്കാര്യത്തിലും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. തൃപ്പൂണിത്തുറയിൽ പർദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവർന്ന കേസിലും, 2018ൽ കല്ലേക്കാട് ബ്ലോക്ക് ഓഫിസിനു സമീപത്തെ ഫ്ലാറ്റിൽനിന്നു സ്വർണം കവർന്ന കേസിലും ഫസീല പ്രതിയാണ്.
12 വയസ്സായ മകനുണ്ടെന്നും എന്തെങ്കിലും ചെയ്യണമെന്നും ബഷീറും ഫസീലയും കോടതിയിൽ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. നേരത്തെ ചെയ്ത കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രോസിക്യൂഷൻ പറഞ്ഞപ്പോൾ കേസുകളിൽ പൊലീസ് കുരുക്കിയതാണെന്നു പറഞ്ഞ് ഫസീല പൊട്ടിക്കരഞ്ഞു. റംസാൻ സമയത്ത് അതിക്രൂരമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്ന് പ്രോസിക്യൂഷന്റെ വാദിച്ചു. എന്നാൽ റംസാൻ മാസത്തിൽ പുണ്യം തേടുന്നത് യഥാർഥ വിശ്വാസികളാണെന്നും പ്രതികൾ യഥാർഥ വിശ്വാസികളാണെന്ന് തോന്നുന്നില്ലെന്നും കോടതി പറഞ്ഞു.