പാർട്ടി ഓഫിസിൽ കേബിൾ ടിവിയും ഇന്റർനെറ്റുള്ള കംപ്യൂട്ടറും നിർബന്ധം; സ്വന്തമായി ആസ്ഥാനം വേണം: കെപിസിസി മാർഗരേഖ

Mail This Article
കോട്ടയം ∙ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ മാർഗരേഖയുമായി കെപിസിസി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർക്കാണ് കെപിസിസി മാർഗരേഖ കൈമാറിയത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളിൽ സാമുഹിക സന്തുലിതാവസ്ഥ പാലിക്കണമെന്നും നേതാക്കൾക്ക് പോഷക സംഘടനകളുടെ അടക്കം ചുമതലകൾ വീതിച്ച് നൽകണമെന്നുമാണ് മാർഗരേഖയിൽ പറയുന്നത്. പാർട്ടിക്ക് സ്വന്തം നിലയിലോ വാടകയ്ക്കോ ബ്ലോക്കിലെ പ്രധാന സ്ഥലത്ത് ഒരു ആസ്ഥാന മന്ദിരം ഉണ്ടായിരിക്കണമെന്നും കെപിസിസി ആവശ്യപ്പെടുന്നു.
പാർട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാൻ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. ബൂത്ത് പ്രസിഡന്‍റുമാരെ പങ്കെടുപ്പിച്ച് മേയ് മാസം മഹാപഞ്ചായത്ത് ചേരാനാണ് പാര്‍ട്ടി തീരുമാനം. സംസ്ഥാനത്തെ 282 ബ്ലോക്ക് കമ്മിറ്റികള്‍ക്ക് 9 പേജുള്ള കത്താണ് അയച്ചിരിക്കുന്നത്. മാർഗരേഖയിൽ കെപിസിസി ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾ ബ്ലോക്ക് കമ്മിറ്റികൾ ചർച്ച ചെയ്ത് അതിലെടുത്ത തീരുമാനം തിങ്കളാഴ്ചക്കകം കെപിസിസിയെ അറിയിക്കണം.
നിർബന്ധമായും ഉണ്ടാവേണ്ട അടിസ്ഥാന സൗകര്യങ്ങൾ:
∙ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിലെ ഒരു ജനറൽ സെക്രട്ടറിക്ക് ഓഫിസിന്റെ ചുമതല നൽകണം. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും കമ്മിറ്റി ഓഫിസ് തുറന്ന് പ്രവർത്തിക്കണം.
∙ പൊലീസ് സ്റ്റേഷൻ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന സഹായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ഒരു ജനറൽ സെക്രട്ടറിക്ക് ചുമതല നൽകണം.

∙ കേബിൾ കണക്ഷനോട് കൂടിയ ടിവി ഓഫിസിൽ ഉണ്ടായിരിക്കണം
∙ പാർട്ടി മുഖപത്രം ഓഫിസിൽ നിർബന്ധമായും ഉണ്ടായിരിക്കണം
∙ ഇന്റർനെറ്റ് കണക്ഷനോട് കൂടിയ കംപ്യൂട്ടർ നിർബന്ധമായും വേണം
∙ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് സ്വന്തമായി മെയിൽ ഐഡി ഉണ്ടായിരിക്കണം
∙ അക്കൗണ്ട് റജിസ്റ്റർ നിർബന്ധമായും സൂക്ഷിക്കണം
പാർട്ടി ഡിജിറ്റലാകണം
ഡിജിറ്റൽ മാധ്യമരംഗത്ത് പ്രവർത്തന പരിചയമുള്ള ഒരു ഭാരവാഹിക്ക് ഡിജിറ്റൽ വിഭാഗത്തിന്റെ ചുമതല നൽകണം. ബ്ലോക്ക് തലത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാകണം. സംഘടനാ കാര്യങ്ങൾക്കു വേണ്ടിയുള്ള ഗ്രൂപ്പിൽ മറ്റു കാര്യങ്ങൾ ഫോർവേഡ് ചെയ്യരുത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ മറ്റ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ മുതിർന്ന നേതാക്കളെ ഇടപെടുത്തി അത് ഒഴിവാക്കാൻ പറയണം. അതിനു കഴിഞ്ഞില്ലെങ്കിൽ നിമയപരമായ നടപടികളിലേക്ക് നീങ്ങണം. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾക്ക് ഉണ്ടായിരിക്കണം.
നിരന്തരം യോഗങ്ങൾ
മാസത്തിൽ കുറഞ്ഞത് ഒരു തവണയെങ്കിലും യോഗം ചേരണമെന്നാണ് മാർഗരേഖയിലെ നിർദേശം. എല്ലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും വാർഷിക പദ്ധതി ഫെബ്രുവരി 5നകം കെപിസിസിക്ക് കൈമാറണം. രണ്ടു മാസത്തിലൊരിക്കൽ ജനറൽ ബോഡി കൂടണം. കമ്മിറ്റിക്കു കീഴിൽ വരുന്ന സഹകരണ സ്ഥാപനങ്ങളിൽ ശ്രദ്ധ ചെലുത്തണം. പുതിയ അംഗത്വം നൽകുന്നതിലും പ്രത്യേക ശ്രദ്ധവേണം. മറ്റ് പാർട്ടികളിൽ നിന്നും അകന്ന് നിൽക്കുന്നവരെ കോൺഗ്രസിൽ എത്തിക്കണം.
പതിവ് പരിപാടികൾക്ക് പുറമെ
രക്തദാനം, അവയവദാനം, നേത്ര പരിശോധന ക്യാംപുകൾ, പാലിയേറ്റീവ് കെയർ സർവിസ്, ഹോം നഴ്സിങ്, വയോജന കേന്ദ്രങ്ങൾ, ജൈവകൃഷി, മാലിന്യ നിർമാർജനം, പ്രകൃതി സംരക്ഷണം, സ്വയം തൊഴിൽ സഹായകസംഘങ്ങൾ, സൗജന്യ നിയമസഹായം, മത്സര പരീക്ഷകൾക്കുള്ള പരിശീലനം തുടങ്ങി പൊതുജനങ്ങൾക്ക് നൽകാൻ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യണം.