എൻ.എം.വിജയന്റെ ആത്മഹത്യ: ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം

Mail This Article
കൽപറ്റ∙ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രേരണക്കേസിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.െക.ഗോപിനാഥൻ എന്നിവർക്കും മുൻകൂർ ജാമ്യം ലഭിച്ചു. കൽപറ്റ ജില്ലാ സെഷൻസ് കോടതി ജഡ്ജ് എസ്. ജയകുമാർ ജോണാണ് ജാമ്യം അനുവദിച്ചത്. ജില്ല വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
ഐ.സി.ബാലകൃഷ്ണൻ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ആത്മഹത്യ പ്രേരണയ്ക്ക് ഈ മാസം 9ന് പൊലീസ് കേസെടുത്തത്. പ്രതിയായതിന് പിന്നാലെ എംഎൽഎ ഉൾപ്പെടെ മൂന്നുപേരും ഒളിവിലായിരുന്നു. ഇന്നലെ എംഎൽഎ നിയമസഭയിലെത്തിയിരുന്നു. മുൻ ഡിസിസി പ്രസിഡന്റായിരുന്ന അന്തരിച്ച പി.വി.ബാലചന്ദ്രൻ നാലാം പ്രതിയാണ്. രണ്ടുദിവസം വാദം കേട്ടശേഷമാണ് കോടതി ജാമ്യം നൽകിയത്. എൻ.എം.വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ എംഎൽഎ ഉൾപ്പെടെയുള്ളവരുടെ പേരുണ്ടായിരുന്നു.
എൻ.എം.വിജയന്റെ കത്ത് മരണമൊഴിയായി കണക്കാക്കി മൂന്നുപേർക്കും ജാമ്യം അനുവദിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജയപ്രമോദ് വാദിച്ചു. ജാമ്യം ലഭിച്ചാൽ ഇവർ സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും കോടതിയെ അറിയച്ചു. ആത്മഹത്യയുമായി ബന്ധമില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്ന ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞതാണെന്നും എംഎൽഎയുടെ അഭിഭാഷകൻ ടി.എം.റഷീദ് കോടതിയെ അറിച്ചു.
ഡിസംബർ 24നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം.വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. പത്തു ദിവസത്തിനുശേഷമാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. ഐ.സി.ബാലകൃഷ്ണൻ, എൻ.ഡി.അപ്പച്ചൻ, കെ.കെ.ഗോപിനാഥൻ, പി.വി.ബാലചന്ദ്രൻ എന്നിവരാണ് മരണത്തിന് കാരണക്കാരെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. എൻ.ഡി.അപ്പച്ചന് വേണ്ടി എൻ.കെ.വർഗീസും, കെ.കെ. ഗോപിനാഥന് വേണ്ടി സുരേന്ദ്രനും ഹാജരായി.