റഷ്യൻ കൂലിപ്പട്ടാളത്തിൽ നിർബന്ധിത സേവനം: മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ 3 ഏജന്റുമാർ അറസ്റ്റിൽ

Mail This Article
തൃശൂർ∙ റഷ്യൻ കൂലിപ്പട്ടാളത്തിൽ നിർബന്ധിത സേവനത്തിനു വിധേയരായ മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ 3 ഏജന്റുമാർ അറസ്റ്റിൽ. റഷ്യൻ പൗരത്വമുള്ള സന്ദീപ് തോമസ്, തയ്യൂർ സ്വദേശി സിബി, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. റഷ്യയിൽ യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ബിനിലിന്റെ ഭാര്യ ജോയ്സിയും പരുക്കേറ്റ ജെയിന്റെ പിതാവും നൽകിയ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ഏപ്രിൽ നാലിനാണു ബിനിൽ അടക്കം അഞ്ചംഗ സംഘം തൃശൂരിൽനിന്നു വിവിധ ജോലികൾക്കായി റഷ്യയിലെത്തിയത്. 10 വർഷം ഒമാനിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു പരിചയമുള്ള ബിനിൽ അകന്ന ബന്ധു വഴിയാണു റഷ്യയിലെത്തിയത്. ചതിക്കപ്പെട്ടു എന്ന വിവരം റഷ്യയിലെത്തിയ ശേഷമാണ് അറിയുന്നത്. യുക്രെയ്നുമായുള്ള യുദ്ധത്തിൽ പങ്കെടുക്കാൻ കൂലിപ്പട്ടാളത്തിലേക്കു റിക്രൂട്ട് ചെയ്യുകയായിരുന്നു അഞ്ചംഗ സംഘത്തെ. ബന്ധു ചതിച്ചതാണെന്ന് ഇവർ വീട്ടിലറിയിച്ചിരുന്നു. പട്ടാള ക്യാംപിൽ 2 മാസത്തെ പരിശീലനത്തിനിടയിൽ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടു. സിം കാർഡ് ഊരിവാങ്ങിയതിനാൽ വീട്ടുകാരെ ബന്ധപ്പെടാനും കഴിയാതായി. വിവിധ രാജ്യങ്ങളിൽനിന്നു 40 പേർ സമാന ചതിയിൽപ്പെട്ട് എത്തിയിരുന്നു.