ADVERTISEMENT

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് സ്വകാര്യ ഏജൻസിക്ക് പ്രതിവർഷം ഏഴുകോടി രൂപ  നൽകിവരുന്നത് സർക്കാർ ഉത്തരവുകളുടെ ലംഘനമാണെന്നും അരക്കോടി രൂപയിൽ കൂടുതലുള്ള ഐടി പ്രോജക്ടുകൾ ഐടി വകുപ്പിന്റെ അനുമതി കൂടാതെ നടപ്പാക്കിയത് ഗുരുതര വീഴ്ചയാണെന്നും അക്കൗണ്ടന്റ് ജനറലിന്റെ (എജി) റിപ്പോർട്ട്. സർവകലാശാല കെൽട്രോണിന് ഇ–ഗവേണൻസിന് നൽകിയ കരാർ സർവകലാശാലയുടെ അനുമതി കൂടാതെ കെൽട്രോൺ ഓസ്പിൻ ടെക്നോളജി എന്ന സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകി. ഈ കമ്പനി നിയോഗിച്ച ജീവനക്കാരുടെ യോഗ്യതയും കഴിവും സർവകലാശാല പരിശോധിക്കാതെയും സർവകലാശാലയുടെ മേൽനോട്ടവും കൂടാതെയും പരീക്ഷ സംബന്ധമായ സോഫ്റ്റ്‌വെയർ ജോലികൾ ചെയ്യുന്നത് ഗുരുതര വീഴ്ചയാണെന്നും എജി ഓഡിറ്റിങ്ങിൽ കണ്ടെത്തി.

സിൻഡിക്കേറ്റ് അംഗമായ പി.കെ.ബിജു, എകെജി സെന്ററിലേക്കും സിഐടിയു ഓഫിസിലേക്കും പോകുന്നതിനായി സാങ്കേതിക സർവകലാശാലയുടെ വാഹനങ്ങൾ സ്ഥിരമായി ദുരുപയോഗം ചെയ്യുന്നതായും സ്റ്റാട്യൂട്ടറി ഉദ്യോഗസ്ഥർ ഉപയോഗിക്കേണ്ട സർവകലാശാല വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവർ ദുരുപയോഗം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു. രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളുടെ അനുബന്ധ ലോഗ് റെക്കോർഡുകൾ കൈകാര്യം ചെയ്യുന്ന കൺട്രോളിങ്  ഓഫിസറായി നിയമിച്ചിരിക്കുന്നത് ഒരു ക്ലാസ് ഫോർ ജീവനക്കാരനെയാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.

മുൻ വിസി ഡോ.രാജശ്രീയും പിവിസി ഡോ.അയ്യൂബും ചട്ടവിരുദ്ധമായി വീട്ടുവാടക ബത്തയും ശമ്പളപരിഷ്കരണ കുടിശ്ശികയുമായി 18 ലക്ഷം രൂപ അനധികൃതമായി  കൈപ്പറ്റിയതായും എജി കണ്ടെത്തി. സർവകലാശാലയിലെ ഇടതുപക്ഷ സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന ഹരികൃഷ്ണൻ ശമ്പള കുടിശ്ശിക ഇനത്തിൽ അനധികൃതമായി കൈപ്പറ്റിയ 88,000 രൂപ തിരിച്ചടപ്പിക്കാതെ അദ്ദേഹത്തിന് വിരമിക്കൽ അനുവദിച്ചത് ഗുരുതര വീഴ്ചയാണെന്നും 18% പലിശയോട് കൂടി തുക ഈടാക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് യാതൊരു നിയമങ്ങളും പാലിക്കാതെയും കൃത്യത ഇല്ലാതെയുമാണ് കൈകാര്യം ചെയ്യുന്നതെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. സിപിഎം സംഘടനാ നേതാവ് കൈപ്പറ്റിയ തുക  തിരിച്ചുവാങ്ങാൻ സർവകലാശാല ഇതുവരെ തയാറായിട്ടില്ല. എംപ്ലോയ്മെന്റ് എക്സ് ചേഞ്ചിലൂടെ അല്ലാതെ കരാർ ജീവനക്കാരെ സിഎൻവി ആക്ടിനു വിരുദ്ധമായി നേരിട്ട് നിയമിച്ചതും അവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള വേതനത്തിന് അധികമായി 9.25 കോടി രൂപ നൽകിയതും ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. സർവകലാശാലയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ വിശദമായ അന്വേഷണം നടത്താനും സാമ്പത്തിക ക്രമക്കേടുകൾ തടയാനും വൈസ് ചാൻസലർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

English Summary:

Technological University faces serious financial irregularities. The Accountant General's report reveals crores of rupees in unauthorized spending and mismanagement, prompting calls for a thorough investigation.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com