ADVERTISEMENT

പാറശാല ഷാരോൺ വധക്കേസിൽ കോടതിയിൽ വാദം പൂർത്തിയായതും, എൻ.എം.വിജയന്റെ ആത്മഹത്യപ്രേരണക്കേസിൽ കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം ലഭിച്ചതും ആർജി കർ ബലാത്സംഗ കൊലപാതകത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. 

മന്ത്രി കെ.ബി. ഗണേഷ് കുമാറും സഹോദരി ഉഷാ മോഹൻദാസും തമ്മിലുണ്ടായിരുന്ന സ്വത്തു തർക്ക കേസിൽ നിർണായക വഴിത്തിരിവ്. പിതാവ് ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ, സ്വത്തുക്കൾ കെ.ബി. ഗണേഷ് കുമാറിന്റെ പേരിൽ നൽകിയിരുന്നു. ഈ വിൽപത്രത്തിലെ ആർ. ബാലകൃഷ്ണപിള്ളയുടെ ഒപ്പുകൾ വ്യാജമാണെന്ന സഹോദരി ഉഷാ മോഹൻദാസിന്റെ വാദം തെറ്റാണെന്ന് കണ്ടെത്തി ഫൊറൻസിക് റിപ്പോർട്ട്. വിൽപത്രത്തിലെ ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് സ്ഥിരീകിരച്ച് ഫൊറൻസിക് റിപ്പോർട്ട് പുറത്തുവന്നു.

പാറശാല ഷാരോണ്‍ വധക്കേസിൽ കോടതിയിൽ അന്തിമവാദം പൂർത്തിയായി. തിങ്കളാഴ്ച ശിക്ഷ വിധിക്കും. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ കോടതിയിൽ കത്തു നൽകി. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായം. എംഎ ലിറ്ററേച്ചർ ഡിസ്റ്റിങ്ഷനോടെയാണ് പാസായത്. രക്ഷിതാക്കൾക്ക് ഏക മകളാണ്. അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. 

ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി തിങ്കളാഴ്ച പ്രസ്താവിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞതായി കൊല്‍ക്കത്തയിലെ സീല്‍ദാ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി പറഞ്ഞു.

ഭക്ഷണത്തിൽ വിഷം കലർത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ. കരിമ്പുഴ തോട്ടര ഈങ്ങാക്കോടൻ മമ്മിയുടെ ഭാര്യ നബീസ (71) കൊല്ലപ്പെട്ട കേസിലാണ് നബീസയുടെ മകളുടെ മകൻ പടിഞ്ഞാറേതിൽ ബഷീർ, ഭാര്യ ഫസീല എന്നിവർക്ക് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രേരണക്കേസിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ‍ഡിസിസി ട്രഷറർ കെ.െക.ഗോപിനാഥൻ എന്നിവർക്കും മുൻകൂർ ജാമ്യം ലഭിച്ചു. കൽപറ്റ ജില്ലാ സെഷൻസ് കോടതി ജഡ്ജ് എസ്. ജയകുമാർ ജോണാണ് ജാമ്യം അനുവദിച്ചത്.

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ മധ്യപ്രദേശിൽനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതി എക്സ്പ്രസ് ട്രെയിനിൽ സഞ്ചരിക്കുന്നെന്ന വിവരം ലഭിച്ച ബാന്ദ്ര പൊലീസ് ലോക്കൽ പൊലീസുമായി സഹകരിച്ച് പ്രതിയെ ട്രെയിനിൽനിന്ന് ഇറക്കി പിടികൂടുകയായിരുന്നുവെന്നാണ് വിവരം.

English Summary:

Get Today's Recap (18-01-2025): All Major News in One Click

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com