കല്യാണങ്ങൾ മുടങ്ങി, ബാർബർഷോപ്പുകളിൽ കയറ്റുന്നില്ല: മുടികൊഴിച്ചിലിൽ ബേജാറായി ബുൽഡാന

Mail This Article
മുംബൈ ∙ കൊങ്കൺ മേഖലയിലെ ബുൽഡാനയിൽ 12 ഗ്രാമങ്ങളിൽ അസ്വാഭാവിക മുടികൊഴിച്ചിലും കഷണ്ടിയും റിപ്പോർട്ട് ചെയ്ത് 3 ആഴ്ച പിന്നിട്ടിട്ടും കാരണം കണ്ടെത്താനാകാതെ അധികൃതർ വലയുന്നു. ഇതു രോഗമാണെന്ന ആശങ്ക പടരുകയാണെന്നും നിശ്ചയിച്ചുറപ്പിച്ച കല്യാണങ്ങൾ വരെ മാറിപ്പോകുകയാണെന്നും ഗ്രാമീണർ പരാതിപ്പെട്ടു.
ബാർബർഷോപ്പുകളിൽ മുടിവെട്ടിത്തരുന്നില്ലെന്നും മുടികൊഴിഞ്ഞവരെ ചടങ്ങുകളിൽനിന്നു മാറ്റിനിർത്തുകയാണെന്നും അധികൃതരോടു നാട്ടുകാർ പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ റിസർച് കൗൺസിൽ, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽനിന്ന് 50ൽ ഏറെ വിദഗ്ധരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
നിലവിൽ പുതിയ കേസുകൾ ഇല്ലെന്നും മെഡിക്കൽ റിസർച് കൗൺസിലിന്റെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ബുൽഡാന കലക്ടർ പറഞ്ഞു. മുൻ കരുതൽ നടപടിയെന്നോണം ഗ്രാമങ്ങളിലെ മുഴുവൻ ജലാശയങ്ങളിലും ക്ലോറിനേഷൻ നടത്താൻ നിർദേശം നൽകി.