33 ബന്ദികള്‍ക്ക് 1904 പലസ്തീന് തടവുകാർ: പിന്നിൽ ‘ട്രംപ് ഇഫക്ട്’, കരാർ ഒപ്പിട്ട് നെതന്യാഹു ‘ചക്രവ്യൂഹത്തിൽ’

Mail This Article
ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ സാധ്യമായ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതോടെ മധ്യപൂര്‍വദേശത്തെ ചോരക്കളമാക്കിയ യുദ്ധത്തിന് അറുതി വരുമെന്ന പ്രതീക്ഷയിലാണ് ലോകം. ഹമാസ് ബന്ദികളാക്കിയവരെയും ഇസ്രയേല്‍ ജയിലുകളിലുള്ള പലസ്തീന്‍കാരെയും പരസ്പരം വിട്ടുനല്‍കുകയും ഘട്ടംഘട്ടമായി ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുകയും ചെയ്യുമെന്നു കരാറില്‍ പറയുന്നു. ആറാഴ്ച വീതമുള്ള മൂന്ന് ഘട്ടങ്ങളായാണു വെടിനിര്‍ത്തല്‍ നടപ്പാക്കുക.
ആദ്യഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടുനല്‍കും. ഇതിനു പകരമായി തങ്ങളുടെ തടവിലുള്ള പലസ്തീന് പൗരന്മാരെ ഇസ്രയേലും മോചിപ്പിക്കും. സൈനികരുള്‍പ്പെടെയുള്ള പുരുഷ ബന്ദികളെ രണ്ടാംഘട്ടത്തിലാണു വിട്ടുനല്‍കുക. മൂന്നാംഘട്ടത്തില്‍ ഗാസ പുനരധിവാസ പദ്ധതിയുടെ നടപ്പാക്കലും നഷ്ടപരിഹാര വിതരണവും തുടങ്ങുമെന്നാണ് കരാര്‍. ഞായറാഴ്ച രാവിലെ 8.30ന് (ഇസ്രയേല്‍ സമയം) 3 ബന്ദികളെ ഹമാസ് വിട്ടുനല്‍കുന്നതോടെ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണു കരുതുന്നത്.
എന്തുകൊണ്ട് ഇപ്പോള്‍? പിന്നില്‍ ട്രംപ് ഇഫക്ടോ
ഇപ്പോള്‍ അംഗീകരിക്കപ്പെട്ട ഇതേ കരാര്‍ മേയിലും അവതരിപ്പിച്ചെങ്കിലും അന്ന് ഇസ്രയേല്‍ കരാറിനെ എതിര്‍ക്കുകയാണുണ്ടായത്. ഹമാസിനെ ഉന്മൂലനം ചെയ്ത് ഇസ്രയേല്‍ അതിര്‍ത്തികള്‍ ഇനിയൊരു ആക്രമണമുണ്ടാകാത്തവിധം സുരക്ഷിതമാക്കാതെ സന്ധിക്ക് ഇല്ലെന്നായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. യുദ്ധം വലിച്ചുനീട്ടി ഭരണത്തില്‍ തുടരാനുള്ള നെതന്യാഹുവിന്റെ തന്ത്രമായും ഈ നീക്കം വിലയിരുത്തപ്പെട്ടു. ഒരിക്കല്‍ തള്ളിയ അതേ കരാറിനെ ഇസ്രയേലും നെതന്യാഹുവും സ്വീകരിച്ചതിനു പിന്നിലെ കാരണമെന്തെന്ന ചോദ്യത്തിന് യുഎസ് സമ്മര്‍ദമെന്ന ഒറ്റ ഉത്തരമേയുള്ളൂ.

താന്‍ അധികാരത്തിലെത്തുന്ന ജനുവരി 20നു മുമ്പ് യുദ്ധം അവസാനിപ്പിക്കണ ട്രംപിന്റെ ഭീഷണി അദ്ദേഹത്തെ നന്നായി അറിയാവുന്ന നെതന്യാഹു ഗൗരവമായിത്തന്നെ എടുത്തിട്ടുണ്ട്. അധികാരമൊഴിയുന്നതിനു മുമ്പ് കരാര്‍ സാധ്യമാക്കണമെന്ന നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വാശിയും കാണാതിരിക്കാനാവില്ല. യുദ്ധവിരാമത്തിനുള്ള അവകാശവാദം ട്രംപും ബൈഡനും ഒരുപോലെ ഉന്നയിക്കുന്നുണ്ടെങ്കിലും ബൈഡനേക്കാള്‍ ട്രംപിന്റെ സ്വാധീനം വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതില്‍ ഉണ്ടായിട്ടുണ്ട്.
വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ പിന്തുണ ഇസ്രയേലിലെ തന്റെ നിലനില്‍പ്പിനു പ്രധാനമാണെന്ന് നെതന്യാഹുവിന് അറിയാം. ഇറാനെ നേരിടാനും സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തി മധ്യപൂര്‍വേഷ്യയിലെ തങ്ങളുടെ സ്ഥാനം തിരികെപ്പിടിക്കാനും വെസ്റ്റ് ബാങ്കിലെ ജൂത സെറ്റില്‍മെന്റുകള്‍ക്കു പിന്തുണ ലഭിക്കാനും യുഎസിന്റെ സഹകരണം ഇസ്രയേലിനു വേണം. സ്വന്തം സര്‍ക്കാരിലെ തീവ്രവലതുപക്ഷ കക്ഷികളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചും നെതന്യാഹു കരാര്‍ ഒപ്പിട്ടതിനു പിന്നില്‍ ഇക്കാരണങ്ങളാണ്. യഹ്യ സിന്വറുള്പ്പെടെ മുന്‍നിര നേതാക്കളെയും ഭൂരിഭാഗം പ്രവര്‍ത്തകരെയും ഇസ്രയേല്‍ വധിച്ചതോടെ ശക്തി ക്ഷയിച്ച ഹമാസ് നേരത്തെ തന്നെ വെടിനിര്‍ത്തലിനു തയാറായിരുന്നു. ഇറാന്റെയും ഹിസ്ബുല്ലയുടെയും വീഴ്ചയും സിറിയയില്‍ അസദ് ഭരണകൂടത്തിന്റെ തകര്‍ച്ചയും കരാറില്‍ ഒപ്പുവയ്ക്കുന്നതിനെക്കുറിച്ച് ഹമാസിനെ രണ്ടാമതൊന്നു ചിന്തിപ്പിച്ചില്ല.
ചക്രവ്യൂഹത്തില്‍ നെതന്യാഹു, ഭീഷണിയുമായി സഖ്യകക്ഷികള്‍
വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതോടെ ചെകുത്താനും കടലിനും ഇടയിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. കരാറിലൂടെ യുഎസിനെയും മധ്യപൂര്‍വദേശത്തെയും സന്തോഷിപ്പിക്കാനായെങ്കില് സ്വന്തം സര്‍ക്കാരില്‍നിന്നു കടുത്ത എതിര്‍പ്പ് ഏറ്റുവാങ്ങുകയാണ് അദ്ദേഹം. പ്രത്യേകിച്ചും സഖ്യസര്‍ക്കാരിലെ കക്ഷികളായ ഒറ്റ്സ്മ യെഹൂദിത് പാര്‍ട്ടി, റിലീജിയസ് സയണിസം എന്നിവരില്‍നിന്ന്.

ഹമാസിനെ ഉന്മൂലനം ചെയ്ത് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന പക്ഷക്കാരാണ് ഒറ്റ്സ്മ യെഹൂദിത് പാര്‍ട്ടി. കരാറുമായി മുന്നോട്ടുപോയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഒറ്റ്സ്മ യെഹൂദിത് പാര്‍ട്ടി നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദികള്‍ക്കു പകരം ആയിരക്കണക്കിന് പലസ്തീന് തടവുകാരെ മോചിപ്പിക്കുന്നത് ഗാസയില്‍ തീവ്രവാദം വര്‍ധിക്കാനും അതിര്‍ത്തിയുടെ സുരക്ഷയില്ലാതാക്കാനും കാരണമാകുമെന്ന് ഗ്വിര്‍ പറയുന്നു.
120 അംഗ പാര്‍ലമെന്റില്‍ ഗ്വിറിന്റെ പാര്‍ട്ടിക്ക് ആറ് അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 61 സീറ്റ് വേണ്ടിടത്ത് നിലവില്‍ നെതന്യാഹുവിന്റെ സഖ്യസര്‍ക്കാരിന് 68 പേരുടെ പിന്തുണയുണ്ട്. ഗ്വിറിന്റെ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാല്‍ നെതന്യാഹു സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകില്ലെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇതു തിരിച്ചടിയാകും. എന്നാല്‍ റിലീജിയസ് സയണിസം പാര്‍ട്ടി നേതാവും ധനമന്ത്രിയുമായ ബെസലേല്‍ സ്മോട്രിച്ചും കൂടി പിന്തുണ പിന്‍വലിച്ചാല്‍ നെതന്യാഹു സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടമാകും. ഏഴു സീറ്റാണ് റിലീജിയസ് സയണിസം പാര്‍ട്ടിക്കുള്ളത്.
നിലവില്‍ സ്മോട്രിച്ചിനെ അനുനയിപ്പിക്കാന്‍ നെതന്യാഹുവിന് ആയെങ്കിലും കരാറിന്റെ ഒന്നാം ഘട്ടത്തിനുശേഷം യുദ്ധം പുനരാരംഭിച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് സ്മോട്രിച്ചിന്റെ ഭീഷണി. അങ്ങനെയുണ്ടായാല്‍ നെതന്യാഹു സര്‍ക്കാര്‍ വീഴും. ബെന്നി ഗാന്റ്സിന്റെ റസലിയന്‍സ് പാര്‍ട്ടിയുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നെതന്യാഹുവിനു പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷം ഏതുഘട്ടത്തിലും വാക്കുമാറിയേക്കുമെന്നതിനാല് നെതന്യാഹുവിന്റെ ഭാവി തുലാസില്‍ തന്നെ.
യുദ്ധം അവസാനിപ്പിക്കുമോ വെടിനിര്‍ത്തല്‍ കരാര്‍?
വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ണായക വഴിത്തിരിവാണെന്നതു ശരിയാണെങ്കിലും അതു യുദ്ധം അവസാനിപ്പിക്കുമെന്ന് ഈ ഘട്ടത്തില്‍ ഉറപ്പു പറയാനാകില്ല. സമാധാനത്തിലേക്കുള്ള നേര്‍ത്ത നൂൽപാലം മാത്രമാണു നിലവിലെ കരാര്‍. എപ്പോള്‍ വേണമെങ്കിലും കരാര്‍ ലംഘനത്തിനു സാധ്യതയുണ്ടെന്ന കരുതലില്‍ തന്നെയാണു ലോകം. കരാര്‍ ലംഘിക്കാന്‍ താല്പര്യമുള്ളവര് ഇരുപക്ഷത്തും ഉണ്ടെന്നതും യാഥാര്‍ഥ്യം. ഇസ്രയേല്‍ പക്ഷത്ത്, തീവ്രവലതുകക്ഷികള്‍ ഭീഷണി തുടര്‍ന്നാല്‍ കസേര കൈവിടാതിരിക്കാന്‍ നെതന്യാഹു അവര്‍ക്ക് വഴങ്ങാനുള്ള സാധ്യതയുണ്ട്.

ഹമാസ് അംഗീകരിച്ചതിനു ശേഷവും കരാറില്‍ ഒപ്പുവയ്ക്കാതെ നെതന്യാഹു ഒരു ദിവസം വൈകിച്ചതിനെയും ബന്ദികളുടെ പേര് കൈമാറാതെ കരാറുമായി മുന്നോട്ടുപോകാനാവില്ലെന്ന പ്രഖ്യാപനവും ഇതിനോടു ചേര്‍ത്തുവായിക്കണം. കരാര്‍ അട്ടിമറിക്കാന്‍ ഹമാസ് ശ്രമിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം കരാര്‍ അംഗീകരിക്കുന്നത് വൈകിച്ചത്. എന്നാല്‍ അട്ടിമറിയെന്തെന്നു വിശദീകരിക്കാന്‍ നെതന്യാഹു തയാറായില്ല. സഖ്യകക്ഷികളുടെ സമ്മര്ദത്താലാണിതെന്നും അട്ടിമറി ആരോപണം കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.
കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തിയായാലും, രണ്ടാംഘട്ടത്തില്‍ യുദ്ധം തുടര്‍ന്നില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന സ്മോട്രിച്ചിന്റെ ഭീഷണിയും നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍ കരാറുമായി മുന്നോട്ടു പോകുന്നതിനേക്കാളുപരി യുദ്ധം തുടരാന്‍ തന്നെയാകും നെതന്യാഹുവിന്റെ താല്പര്യം. ഇസ്രയേലിനു വിദേശനയം എന്നൊന്ന് ഇല്ലെന്നും അവര്‍ക്കുള്ളത് ദേശീയ താല്പര്യം മാത്രമാണ് എന്നു പറഞ്ഞത് യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസ്സിഞ്ജറാണ്. ഇപ്പോഴും അത് അങ്ങനെ തന്നെ.
ആദ്യഘട്ടത്തിന്റെ 16ാം ദിനം മാത്രമാണ് രണ്ടാംഘട്ട ചര്‍ച്ചകള്‍ തുടങ്ങുക. വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലിനു വന്‍ നഷ്ടമാണെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു. 33 ബന്ദികള്‍ക്കായി ആദ്യഘട്ടത്തില്‍ മാത്രം 1904 പലസ്തീന് തടവുകാരെയാണ് ഇസ്രയേല്‍ വിട്ടുകൊടുക്കേണ്ടത്. ഹമാസിന്റെയും പലസ്തീന് ഇസ്ലാമിക് ജിഹാദിന്റെയും ഫത്തയുടെയും പ്രവര്‍ത്തകരും ഇതില്‍പ്പെടും. വിട്ടുനല്‍കുന്ന ഓരോ ബന്ദികള്‍ക്കും പകരം 30 പലസ്തീന്‍കാരെയും ഇസ്രയേലിന്റെ വനിത സൈനികരെ മോചിപ്പിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും പകരമായി 50 തടവുകാരെയും വിട്ടുനല്‍കുമെന്നാണു കരാര്‍. ഒട്ടും ആനുപാതികമല്ലാത്ത കരാറാണ് ഇസ്രയേലിനിത്. ഇക്കാര്യത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ എതിര്‍പ്പ് ശക്തമായേക്കും. മോചനം നേടുന്ന പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഹമാസിന്റെ പ്രവര്‍ത്തനം ശക്തിപ്പെട്ടാല്‍ അവരും വീണ്ടും ആക്രമണങ്ങള്‍ പുനരാരംഭിക്കാനുള്ള സാധ്യതയുണ്ട്. ഇതും കരാറിനു ഭീഷണിയായി നിലനില്ക്കുന്നു.