ഓരോ ഇസ്രയേൽ ബന്ദിക്കും പകരം 30 പലസ്തീന്‍കാർ, വടക്കന്‍ ഗാസയിലേക്ക് പ്രവേശനം: കരാർ ഇങ്ങനെ

Mail This Article
ദോഹ∙ പതിനഞ്ച് മാസത്തോളം നീണ്ട ഇസ്രയേൽ–ഹമാസ് പോരാട്ടത്തിന് അവസാനം കുറിക്കുന്നത് ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പ്രാബല്യത്തിലായത്. ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ മധ്യസ്ഥതയിൽ തയാറാക്കിയ കരാർ മധ്യപൂർവദേശത്ത് സമാധാനം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന കരാർ ഇങ്ങനെ. ആറാഴ്ച നീളുന്ന 3 ഘട്ടങ്ങളുള്ളതാണ് കരാര്‍.
ആദ്യഘട്ടം
ഹമാസ് ബന്ദികളാക്കിയവരില്‍ 33 പേരെ വിട്ടുനല്‍കും. സ്ത്രീകള്‍, കുട്ടികള്‍, 50നു മുകളില്‍ പ്രായമുള്ളവര്‍, പരുക്കേറ്റവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. വിട്ടുനല്‍കുന്ന ഓരോ ബന്ദികള്‍ക്കും പകരമായി തങ്ങളുടെ തടവിലുള്ള 30 പലസ്തീന്‍കാരെ വീതം ഇസ്രയേലും മോചിപ്പിക്കും. ഇസ്രയേലിന്റെ വനിത സൈനികരെ മോചിപ്പിക്കുമ്പോള്‍ ഓരോ സൈനികര്‍ക്കും പകരമായി 50 തടവുകാരെ വീതം ഹമാസിന് വിട്ടുനല്‍കും.
കരാര്‍ നിലവില്‍ വന്ന് ആദ്യ ദിവസം 3 ബന്ദികളെയും തുടര്‍ന്നുള്ള ഓരോ ആഴ്ചയും മൂന്നുപേരെ വീതവും അവസാന ആഴ്ച 33 പേരില്‍ ബാക്കിയുള്ള എല്ലാവരെയും മോചിപ്പിക്കും എന്നാണ് വ്യവസ്ഥ. ആദ്യഘട്ടത്തില്‍ ദിവസവും 10 മണിക്കൂറും ബന്ദികളെയും തടവുകാരെയും കൈമാറുന്ന ദിവസങ്ങളില്‍ 12 മണിക്കൂറും ഇരുപക്ഷവും സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കും. കരാറിന്റെ 22–ാം ദിവസം മധ്യഗാസയില്‍നിന്ന്, പ്രധാനമായും നെറ്റ്‌സരിം, കുവൈത്ത് റൗണ്ടബൗട്ട് എന്നിവിടങ്ങളില്‍നിന്ന് ഇസ്രയേല്‍ സേന പിന്മാറും.
വടക്കന്‍ ഗാസയില്‍നിന്നു പലായനം ചെയ്തവരെ തിരികെ പ്രവേശിപ്പിക്കും. ഇവര്‍ നിരായുധരാണെന്ന് ഉറപ്പുവരുത്തും. പ്രവേശനം കാല്‍നടയായി മാത്രം. ഗാസയിലേക്കുള്ള സഹായങ്ങളും അനുവദിക്കും. ഭക്ഷണം, ഇന്ധനം തുടങ്ങിയവയുമായുള്ള 600 ട്രക്കുകളാണ് പ്രതിദിനം കടത്തിവിടുക. 16ാം ദിവസം രണ്ടാംഘട്ട കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. തകര്‍ന്നടിഞ്ഞ ഗാസയുടെ പുനരധിവാസം, അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണം എന്നിവ രാജ്യാന്തര സംഘടനകളായ ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെയുള്ളവയുടെ സഹകരണത്തോടെ എല്ലാ ഘട്ടത്തിലും തുടരും.
രണ്ടാഘട്ടം
ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയായാല്‍ ബാക്കി സൈനികരടക്കമുള്ള പുരുഷ ബന്ദികളെ ഹമാസും അതിന് ആനുപാതികമായ തടവുകാരെ ഇസ്രയേലും പരസ്പരം വിട്ടുനല്‍കും. ബന്ദി മോചനം പൂര്‍ണമായാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഫിലാഡെല്‍ഫി ഇടനാഴിയില്‍നിന്ന് ഇസ്രയേല്‍ സൈന്യം
മൂന്നാംഘട്ടം
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇസ്രയേലും ഹമാസും വിട്ടുനല്‍കും. ഗാസ മുനമ്പിന്റെ പുനരധിവാസത്തിനായി 3 മുതല്‍ 5 വര്‍ഷം വരെ നീളുന്ന പദ്ധതി നടപ്പാക്കാന്‍ തുടങ്ങും. യുദ്ധബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഈജിപ്ത്, ഖത്തര്‍, യുഎന്‍ എന്നിവയുടെ മധ്യസ്ഥതയില്‍ തുടക്കം. ഗാസയ്ക്കു നേരെയുള്ള എല്ലാ സൈനിക നടപടികള്‍ക്കും അവസാനം.