15 വർഷത്തെ ദാമ്പത്യം; വിവാഹമോചനം ഉറപ്പിച്ച് ജയം രവിയും ആരതിയും

Mail This Article
ചെന്നൈ ∙ അനുരഞ്ജന – മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ നടൻ രവി മോഹനും (ജയം രവി) ഭാര്യ ആരതിയും വിവാഹമോചനത്തിലേക്ക്. കേസ് പരിഗണിച്ച ചെന്നൈയിലെ കുടുംബ കോടതി രവിയോടും ആരതിയോടും പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി മധ്യസ്ഥ ചർച്ചയിൽ പങ്കെടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇരുവരും ഇതിനു താൽപര്യം കാട്ടിയില്ല. സിറ്റിങ്ങിൽ പങ്കെടുത്തതുമില്ല.
ഇതോടെയാണു മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതായി അധികൃതർ കോടതിയെ അറിയിച്ചത്. തുടർന്ന് വിവാഹമോചന വാദം പുനരാരംഭിച്ചു. വിഡിയോ കോൺഫറൻസിങ് വഴിയാണ് രവിയും ആരതിയും ഹാജരായത്. വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം കേസ് ഫെബ്രുവരി 15ലേക്ക് മാറ്റി. ഭാര്യ ആരതിയുമായുള്ള 15 വർഷത്തെ വിവാഹ ബന്ധം വേർപെടുത്തുന്നതായി അടുത്തിടെയാണു രവി പ്രഖ്യാപിച്ചത്. ഇതിനിടെ തന്റെ പേരും പരിഷ്കരിച്ചു. മുൻപു ജയം രവിയെന്ന് അറിയപ്പെട്ടിരുന്ന താരം തന്റെ പേര് രവി മോഹൻ എന്നാക്കി മാറ്റി.