ADVERTISEMENT

തദ്ദേശ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്ന മുന്നണികളെ അമ്പരപ്പിച്ച് പി.വി. അൻവർ എംഎൽഎ സ്ഥാനം ഒഴിഞ്ഞപ്പോൾ രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകൾ നിലമ്പൂരിലേക്ക്. കുഞ്ഞാലിയുടെയും ആര്യാടന്റെയും രാഷ്ട്രീയ ഭൂമികയായിരുന്നു നിലമ്പൂർ. സംസ്ഥാന ചരിത്രത്തിൽ ആദ്യമായും അവസാനമായും ഒരു എംഎൽഎ വെടിയേറ്റു മരിച്ചതിനു സാക്ഷ്യം വഹിക്കേണ്ടി വന്നത് നിലമ്പൂരാണ്, കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കുഞ്ഞാലിയുടെ കൊലപാതകം. 24 വർഷം നിലമ്പൂർ തേക്കുപോലെ ആര്യാടൻ മുഹമ്മദിനൊപ്പം ഉറച്ചുനിന്ന മണ്ഡലം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും അൻവറിലേക്കു ചാഞ്ഞു.

പൊതുവേ യുഡിഎഫ് മണ്ഡലമായാണ് നിലമ്പൂരിനെ വിലയിരുത്തുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടു തവണയും ഇടതു സ്വതന്ത്രൻ പി.വി.അൻവർ വിജയിച്ചു കയറി. ആ അൻവർ ഇത്തവണ എൽഡിഎഫിന്റെ മുഖ്യശത്രുവാണ്. കഴിഞ്ഞ തവണ പല പേരുകളിലായി മാറിമറിഞ്ഞ സാധ്യതാ പട്ടികയ്ക്കൊടുവിൽ കോൺഗ്രസ് തിരഞ്ഞെടുത്തത് ഡിസിസി പ്രസിഡന്റ് ആയിരുന്ന വി.വി.പ്രകാശിനെയാണ്. നാട്ടുകാരനെന്നതും നാട്ടുകാർക്കിടയിലുള്ള സ്വാധീനവും പ്രകാശിന് അനുകൂല ഘടകങ്ങളാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചു. എന്നാൽ വോട്ടെടുപ്പിനു ശേഷമുണ്ടായ പ്രകാശിന്റെ അപ്രതീക്ഷിത മരണവും തോൽവിയും പലരെയും ഞെട്ടിച്ചു. 2011ൽ ബി‍ഡിജെഎസിനു നൽകിയ സീറ്റ് കഴിഞ്ഞ തവണ ബിജെപി തിരിച്ചെടുത്തതു കരുത്തു കാട്ടാൻ ശ്രമിച്ചെങ്കിലും ഓളമൊന്നും സൃഷ്ടിക്കാൻ സാധിച്ചില്ല.

2019ലെ പ്രളയത്തിൽ പൂർണമായി മുങ്ങിയ നിലമ്പൂർ‌ നഗരത്തിനൊപ്പം സംസ്ഥാനത്തെ ഏറ്റവും ആൾനാശം വിതച്ച ഉരുൾപൊട്ടലുണ്ടായ കവളപ്പാറയും നിലമ്പൂരിലാണ്. കാർഷിക വിളകളുടെ വിലയിടിവും വന്യമൃഗ ശല്യവും തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കും. വനനിയമ ഭേദഗതിക്കെതിരെ ജാഥ നയിക്കാൻ ഒരുങ്ങുന്ന യുഡിഎഫും ഇതേ വിഷയം ഉയർത്തിക്കാട്ടി മാധ്യമങ്ങളെ കാണുന്ന അൻവറും വലിയ തോതിൽ കാർഷിക പ്രശ്നങ്ങൾ മണ്ഡലത്തിൽ ചർച്ചയാക്കും. നിലമ്പൂർ – നഞ്ചൻകോട് റെയിൽപാത എന്ന സ്വപ്ന പദ്ധതിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും.

കെ. കുഞ്ഞാലിയിലൂടെ ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും സിപിഎം വിജയിച്ചു കയറിയ മണ്ഡലമാണ് നിലമ്പൂർ. തുടർന്ന് ഇടത്തോട്ടും വലത്തോട്ടുമായി പലതവണ ചാഞ്ഞു. 1987 മുതൽ 2011 വരെ ഒരേയൊരു ആര്യാടൻ‌ മുഹമ്മദ്. 2016ൽ ആര്യാടൻ പിന്മാറിയപ്പോൾ പകരം വന്നത് മകൻ ആര്യാടൻ ഷൗക്കത്ത്. പഴയ കോൺഗ്രസുകാരൻ പി.വി. അൻവറിനെ സ്വതന്ത്രനായി മത്സരിപ്പിച്ച എൽഡിഎഫ്, 29 വർഷത്തിനു ശേഷം സീറ്റ് തിരിച്ചുപിടിച്ചു. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകൾ‌ യുഡിഎഫിന്റെയും 2 പഞ്ചായത്തുകളും നഗരസഭയും എൽഡിഎഫിന്റെയും കൈവശമാണ്. നിലമ്പൂർ നഗരസഭയിൽ അക്കൗണ്ട് തുറക്കാനായത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ശ്രദ്ധേയ നേട്ടമായിരുന്നു.

ആര്യാടനും അൻവറും

കുഞ്ഞാലി വെടിയേറ്റ് മരിച്ച കേസിൽ ആര്യാടൻ മുഹമ്മദായിരുന്നു ഒന്നാം പ്രതി. ഒൻപതു മാസത്തെ ജയിൽ‌വാസത്തിനുശേഷം കോടതി ആര്യാടനെ വിട്ടയച്ചു. സിപിഎമ്മിന്റെ ഭീഷണി പലഭാഗത്തുനിന്നും ആര്യാടനുണ്ടായിരുന്നു. എന്നാൽ 1980ൽ എ.കെ.ആന്റണി പക്ഷമുൾപ്പെട്ട (കോൺഗ്രസ്– യു) ഇടതുപക്ഷം നേതൃത്വം നൽകിയ നായനാർ സർക്കാരിൽ ആര്യാടൻ മന്ത്രിയായി. ജയിച്ചുകയറിയത് സിപിഎം പിന്തുണയോടെ. തോൽപ്പിച്ചതാകട്ടെ മുല്ലപ്പള്ളി രാമചന്ദ്രനെയും.

ആര്യാടനെ കൊല്ലാൻ നടന്നവർ അദ്ദേഹത്തിനു വേണ്ടി വോട്ടുപിടിക്കുന്നതിനും നിലമ്പൂർ സാക്ഷിയായി. ചെറിയ സമാനതകൾ ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിനുമുണ്ട്. ഭരണപക്ഷ എംഎൽഎമാരിൽ യുഡിഎഫിന്റെ കണ്ണിലെ കരടായിരുന്നു അൻവർ. മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഈ ഇടതു സ്വതന്ത്രൻ ഉണ്ടാക്കിയ തലവേദനകൾ ചെറുതായിരുന്നില്ല. ഒടുവിൽ അൻവർ യുഡിഎഫിനോട് അടുക്കുന്നു. അൻവറിനെതിരെ പോരാടിയവർ ഇനി അൻവറിനൊപ്പം തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങേണ്ടി വരും.

English Summary:

Nilambur Constituency: A Legacy of Politics and Violence

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com