ADVERTISEMENT

പത്തനംതിട്ട∙ ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്തിനു പരിസമാപ്‌തി കുറിച്ച് 20ന് നട അടയ്ക്കും. ദർശനം ഇന്നു രാത്രി വരെയാണ് ഉണ്ടാവുക, പമ്പയിൽനിന്നു വൈകിട്ട് ആറു വരെ ഭക്തരെ സന്നിധാനത്തേക്കു കയറ്റിവിടും. പരാതിരഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാർഥസഹകരണത്തിന്റെ ഫലമാണെന്ന് പൊലീസ് കോർഡിനേറ്റർ എഡിജിപി എസ്. ശ്രീജിത്ത്‌ പറഞ്ഞു.

‘‘ഡിസംബർ 30ന് മകരവിളക്ക് സീസൺ ആരംഭിച്ചത് മുതൽ ഇന്നലെ വരെ 19,00,789 അയ്യപ്പഭക്തരാണ് ദർശനത്തിന് എത്തിയത്. നവംബർ 15ന് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചത് മുതൽ ജനുവരി 17 വരെ ആകെ 51,92,550 പേർ ദർശനം നടത്തി. ദേവസ്വം ബോർഡ്‌, വിവിധ സർക്കാർ വകുപ്പുകൾ, അയ്യപ്പഭക്തർ തുടങ്ങി എല്ലാവരുടെയും തികഞ്ഞ സഹകരണമാണ് അനുഗ്രഹീതമായ നിലയിൽ സീസൺ സമാപിക്കാൻ കാരണമായത്. പൊലീസിനു കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു,

അതിനോട് ദേവസ്വം ബോർഡ് അധികൃതർ തീർത്തും അനുകൂലമായി പ്രതികരിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. എല്ലാ വകുപ്പുകളും എണ്ണയിട്ട യന്ത്രം പോലെ ഒരുമിച്ചു പ്രവർത്തിച്ചു. അതിലെ പൽചക്രത്തിന്റെ ഒരു പല്ല് മാത്രമായിരുന്നു പൊലീസ്. അത് മികച്ചൊരു പല്ലായിരുന്നു എന്നുവേണം പറയാൻ. എല്ലാവർക്കും നന്ദി.

പൊലീസ് സേവനങ്ങൾ അതേപടി പുറംലോകത്തെ അറിയിച്ച മാധ്യമങ്ങൾ ചെയ്തതു വലിയ കാര്യമാണ്. സുഗമമായ ദർശനം ഉറപ്പാക്കാൻ പൊലീസ് പറഞ്ഞതൊക്കെയും സംസ്ഥാനത്തിനു പുറത്തുള്ള ഭക്തരിലേക്കും മാധ്യമങ്ങൾ എത്തിച്ചു. ജ്യോതി ദർശനം കഴിഞ്ഞ് എത്രയും വേഗം വീടുകളിലെത്താൻ ഭക്തർ ശ്രമിക്കണമെന്ന ഏറ്റവും ഒടുവിലെ അഭ്യർഥനയും അവർ ഉൾക്കൊണ്ടു, അതിനാൽതന്നെ ഭക്തരുടെ തിരിച്ചുള്ള യാത്ര തിരക്കില്ലാതെ നിയന്ത്രിക്കാനും പൊലീസിനു സാധിച്ചു.

ശബരിമലയിൽ സുഖദർശനത്തിനായി സർക്കാരും ദേവസ്വം ബോർഡും ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിജയപ്രദമായി നടപ്പിലാക്കാൻ പൊലീസിനു സാധിച്ചു. ശബരിമലയിലേക്ക് എത്തിയ എല്ലാവരും ശരിയായ വിധത്തിൽ അവ ഉൾക്കൊണ്ട് കൃത്യമായി പാലിക്കുകയും ചെയ്തതു കൊണ്ടുകൂടിയാണു മികച്ച നിലയിൽ മണ്ഡല മകരവിളക്ക് ഉത്സവകാലം സമാപിച്ചത്’’ – അദ്ദേഹം പറഞ്ഞു.

English Summary:

Sabarimala Updates: Sabarimala pilgrimage concludes successfully with over five million devotees attending the Mandala Makaravilakku festival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com