‘സെയ്ഫിന്റെ വീട് ഷെഹ്സാദിനു പരിചയം, 4 വ്യാജപ്പേരുകൾ’: പൊലീസ് പറഞ്ഞത് സത്യമോ?

Mail This Article
മുംബൈ ∙ നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഷെരീഫുൽ ഇസ്‌ലാം ഷെഹ്സാദ് നേരത്തേയും താരത്തിന്റെ വീട്ടിൽ എത്തിയിരുന്നതായി സൂചന. ഹൗസ് കീപ്പിങ് ഏജൻസിയിലെ ജോലിക്കാരനായ ഷെഹ്സാദ്, ജോലിയുടെ ഭാഗമായാണു സെയ്ഫിന്റെ വീട്ടിലെത്തിയതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ, ആക്രമണമുണ്ടായ ദിവമസാണു ഷെഹ്സാദ് ആദ്യമായി സെയ്ഫിന്റെ വീട്ടിൽ കയറിയതെന്നാണു മുംബൈ പൊലീസിന്റെ നിലപാട്.
‘‘ജോലി ചെയ്തിരുന്ന ഹൗസ് കീപ്പിങ് ഏജൻസിയുടെ ഭാഗമായാണു ഷെഹ്സാദ് നടന്റെ വീട്ടിൽ മുൻപു വന്നത്. സെയ്ഫിന്റെ വീട്ടിലെ ജോലിക്കാരൻ ഹരിയാണ് ഈ ഏജൻസിയെ ഏർപ്പാടാക്കിയത്. വീട് വൃത്തിയാക്കാൻ എത്തിയവരുടെ കൂട്ടത്തിൽ ഷെഹ്സാദും ഉണ്ടായിരുന്നു. അന്ന് അസ്വാഭാവികമായി ഒന്നും തോന്നിയില്ല’’– അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അന്നു വൃത്തിയാക്കാൻ എത്തിയപ്പോൾ സെയ്ഫിന്റെ വീട്ടിലെ മുറികളും മറ്റു ക്രമീകരണങ്ങളും ഷെഹ്സാദ് മനസ്സിലാക്കിയെന്നാണു കരുതുന്നത്. ഇക്കാര്യം പൊലീസ് എന്തുകൊണ്ടാണു നിഷേധിച്ചതെന്നു വ്യക്തമല്ല. സ്ഥിരീകരണത്തിനു കാത്തിരിക്കുകയാവാം എന്നാണു നിഗമനം.
ഷെഹ്സാദിനു ക്രിമിനൽ പശ്ചാത്തലമില്ലെന്നാണു പൊലീസ് പറയുന്നത്. പ്രതി പലയിടങ്ങളിലായി വിജയ് ദാസ്, ബിജോയ് ദാസ്, മുഹമ്മദ് ഇല്യാസ്, ബിജെ എന്നീ പേരുകളാണു സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഞായറാഴ്ച രാവിലെ താനെയിലെ ഹിരാനന്ദനി എസ്റ്റേറ്റിലെ മെട്രോ നിര്‍മ്മാണ സ്ഥലത്തിനു സമീപമുള്ള തൊഴിലാളി ക്യാംപിൽനിന്നാണ് ഇയാളെ പിടിച്ചത്. 30 വയസ്സുകാരനായ പ്രതി മോഷണത്തിനായാണു സെയ്ഫിന്റെ വീട്ടിൽ എത്തിയതെന്നു ഡിസിപി ദീക്ഷിത് ഗെദാം വ്യക്തമാക്കി.