ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിന്റെ വീട് ആക്രമിച്ച് നാട്ടുകാർ; വൻ പൊലീസ് സന്നാഹം, 2 പേർ കസ്റ്റഡിയിൽ

Mail This Article
കൊച്ചി∙ ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നു പേരെ അടിച്ചുകൊന്ന കേസിലെ പ്രതി ഋതു രാജന്റെ വീട് ആക്രമിച്ച് നാട്ടുകാർ. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ മാറ്റി. സ്ഥലത്ത് വൻ പൊലീസ് സംഘം കാവലുണ്ട്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം.
വീടിന്റെ ജനൽ ചില്ലുകളും സിറ്റൗട്ടിന്റെ ഒരു ഭാഗവുമാണ് തകർത്തത്. ഈ വീട്ടിൽ ഋതുവിന്റെ മാതാപിതാക്കളാണ് താമസിച്ചിരുന്നത്. എന്നാൽ, കൊലക്കേസിൽ ഋതു പ്രതിയായതിനെത്തുടർന്ന് ഇവർ ഇവിടെ നിന്നു ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. വിവരമറിഞ്ഞു സ്‌ഥലത്തെത്തിയ പൊലീസ് അന്വേഷണം നടത്തി രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്തു.

വ്യാഴാഴ്ചയാണ് ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസിയായ ഋതു ജയൻ (28) വീട്ടിൽക്കയറി അടിച്ചുകൊന്നത്. വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയതിനു പിന്നാലെയാണ് വീട് തകർത്തത്. വെള്ളിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴും നാട്ടുകാർ വലിയ പ്രതിഷേധം ഉയർന്നിരുന്നു.