ADVERTISEMENT

യുഎസില്‍ ഡോണള്‍ഡ് ട്രംപ് 47ാമത്തെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിനു പിന്നാലെ നടപ്പാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന ആശങ്കയിലും പ്രതീക്ഷയിലുമാണു ലോകം. അധികാരത്തിലെത്തിയാല്‍ എന്തൊക്കെയാണു ചെയ്യാന്‍ പോകുന്നതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ ‘അജന്‍ഡ 47’ല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അജന്‍ഡ 47 പ്രകാരമുള്ള ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങള്‍ ഇവയാണ്.

∙ സമ്പദ്‌വ്യവസ്ഥ

എണ്ണ ഖനനത്തിനുള്ള വിലക്കും ഹരിതചട്ടങ്ങളും പിന്‍വലിച്ച് ഖനനം പുനഃസ്ഥാപിക്കും. ഇതു യുഎസ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി പണപ്പെരുപ്പം പിടിച്ചുനിര്‍ത്തും. അനാവശ്യ സര്‍ക്കാര്‍ ചെലവുകള്‍ അവസാനിപ്പിക്കും. അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതോടെ പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യക്ഷേമം എന്നിവയിലെ അനാവശ്യ ചെലവുകള്‍ കുറയും. ആഗോളതലത്തില്‍ നല്ല ബന്ധം സ്ഥാപിച്ചു വിലക്കയറ്റം തടയും.

∙ അതിര്‍ത്തി സുരക്ഷ, കുടിയേറ്റ നിയന്ത്രണം 

അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൂടുതല്‍ സൈന്യത്തെ നിയോഗിക്കും. ഡെമോക്രാറ്റുകളുടെ തുറന്ന അതിര്‍ത്തി നയം റദ്ദാക്കും. അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്കു തിരിച്ചയയ്ക്കുന്ന ഏറ്റവും വലിയ പുറത്താക്കല്‍ പദ്ധതി ഉടന്‍ നടപ്പാക്കും. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ശക്തമാക്കി അനധികൃത കുടിയേറ്റത്തിനു കടുത്ത ശിക്ഷയേര്‍പ്പെടുത്തും. ക്രിസ്തീയ വിരുദ്ധ കമ്യൂണിസ്റ്റുകള്‍, മാര്‍ക്‌സിസ്റ്റുകള്‍, സോഷ്യലിസ്റ്റുകള്‍ തുടങ്ങിയവരെ യുഎസില്‍നിന്നു പുറത്താക്കും. തൊഴിലുകളില്‍ യുഎസ് പൗരന്മാര്‍ക്കു മുഖ്യ പരിഗണന. തൊഴില്‍ നൈപുണി അനുസരിച്ചു മാത്രം വിദേശികള്‍ക്ക് അവസരം. അനധികൃത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് (യുഎസില്‍ ജനിച്ച) നല്‍കുന്ന ജന്മാവകാശ പൗരത്വം റദ്ദാക്കും.

∙ കാലാവസ്ഥാമാറ്റം 

പാരിസ് ഉടമ്പടിയില്‍നിന്നു വീണ്ടും യുഎസ് പിന്മാറും. 2032 ഓടെ 67% വാഹനങ്ങളും ഇലക്ട്രിക് ആക്കുമെന്ന ബൈഡന്റെ നയം എടുത്തുകളയും. ഖനന നിരോധനം റദ്ദാക്കും. 

∙ വ്യാപാരം, വ്യവസായം

വ്യാപാരത്തിലും അമേരിക്ക ആദ്യം എന്ന നയം പിന്തുടരും. യുഎസിനു ചുമത്തുന്ന അതേ ഇറക്കുമതിത്തീരുവ തിരിച്ചും ചുമത്തും. ചൈനയില്‍നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കും. യുഎസ് റിയല്‍ എസ്റ്റേറ്റ്, വ്യവസായ സ്ഥാപനങ്ങള്‍ ചൈന വാങ്ങുന്നതു തടയും. ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറാനുള്ള തീരുമാനം റദ്ദാക്കി ഓട്ടോ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കും. 

∙ ട്രാന്‍സ്‌ജെന്‍ഡര്‍

വനിതകളുടെ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍നിന്ന് പുരുഷന്മാരെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും പുറത്താക്കും. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള സഹായം നിര്‍ത്തലാക്കും. ലിംഗമാറ്റം പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകള്‍ക്കുള്ള സഹായം അവസാനിപ്പിക്കും. സ്ത്രീ, പുരുഷന്‍ എന്നീ രണ്ടു ലിംഗത്തില്‍പ്പെട്ടവരെ മാത്രമേ യുഎസ് അംഗീകരിക്കുന്നുള്ളു എന്ന നിയമം പാസാക്കാനുള്ള നടപടി തുടങ്ങും.

∙ പ്രതിരോധം, സൈന്യം

മൂന്നാം ലോകയുദ്ധമുണ്ടാകുന്നതു തടയും. യൂറോപ്പിലും പശ്ചിമേഷ്യയിലും സമാധാനം പുനഃസ്ഥാപിക്കും. തദ്ദേശ നിര്‍മിത അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം രാജ്യത്ത് സ്ഥാപിക്കും. സൈനികരുടെ ശമ്പളം വര്‍ധിപ്പിക്കും. ഇടത് ഡെമോക്രാറ്റ് അനുകൂലികളെ സൈന്യത്തില്‍നിന്നു പുറത്താക്കും. ഇന്തോ - പസിഫിക്കില്‍ ശ്ക്തമായ സാന്നിധ്യം ഉറപ്പാക്കും.

∙ വിദ്യാഭ്യാസം 

നിറം, വംശം എന്നിവ യുഎസ് നയങ്ങളെ സ്വാധീനിച്ചിരിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന ‘ക്രിട്ടിക്കല്‍ വംശ സിദ്ധാന്തം’ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്കുള്ള ഫണ്ട് റദ്ദാക്കും. രാജ്യസ്‌നേഹമുള്ള അധ്യാപകരെ തിരഞ്ഞെടുക്കാന്‍ പ്രത്യേക സമിതി. സ്‌കൂളുകളില്‍ പ്രാര്‍ഥന തിരികെക്കൊണ്ടുവരും. സര്‍വകലാശാലകളില്‍നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ഹമാസ് അനുകൂലികളെ പുറത്താക്കും.

∙ ബഹിരാകാശം, ഇന്നവേഷന്‍ 

യുഎസ് ബഹിരാകാശ ശാസ്ത്രജ്ഞരെ വീണ്ടും ചന്ദ്രനിലെത്തിക്കും. തുടര്‍ന്ന് ചൊവ്വയിലേക്കും. ബഹിരാകാശരംഗത്ത് സഹകരണം വര്‍ധിപ്പിക്കും. ബിറ്റ്‌കോയിന്‍ നിയമവിധേയമാക്കും. നിര്‍മിതബുദ്ധിയുടെ ഉപയോഗത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള ബൈഡന്റെ ഉത്തരവ് പിന്‍വലിച്ച് എഐയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തും.

English Summary:

Agenda 47 : Agenda 47 outlines Donald Trump's ambitious plans for the United States. His proposed policies cover a wide range of issues from immigration and climate change to education and the military.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com